ന്യൂഡൽഹി : മൂന്നര പതിറ്റാണ്ടുകൾക്ക് ശേഷം ഡൽഹിയിലെ റോഡുകളിലേക്ക് ഡബിൾ ഡെക്കർ ബസുകൾ തിരിച്ചെത്തുന്നു. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ സംസ്ഥാനത്ത് പുതിയ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ നിരത്തിലിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ) സംരംഭത്തിന് കീഴിൽ അശോക് ലെയ്‌ലാൻഡ് നിർമ്മിച്ച് നൽകുന്ന ഇലക്ട്രിക് ബസുകൾ ആയിരിക്കും സർവീസിനായി ഉപയോഗിക്കുക.
തലസ്ഥാനത്ത് ഡബിൾ ഡെക്കർ ബസുകൾ ഓടിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായി ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ഡിടിസി) ഒരു പൈലറ്റ് പ്രോജക്റ്റ് തയ്യാറാക്കുകയാണെന്ന് സംസ്ഥാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിരഞ്ഞെടുത്ത റൂട്ടുകളിൽ ഉടൻ തന്നെ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
നഗരത്തിൽ ബസുകൾ സുരക്ഷിതമായും ഫലപ്രദമായും പ്രവർത്തിപ്പിക്കാൻ കഴിയുമോ എന്ന് സർക്കാർ പരിശോധിച്ചുവരികയാണെന്ന് ഗതാഗത മന്ത്രി പങ്കജ് സിംഗ് സൂചിപ്പിച്ചു. മരങ്ങൾ, ഫ്ലൈഓവറുകൾ, ഓവർബ്രിഡ്ജുകൾ എന്നിവയുടെ എല്ലാം ഉയരം കണക്കാക്കി ഇതിന്റെ അടിസ്ഥാനത്തിൽ നഗരയാത്രയ്ക്കുള്ള റൂട്ടുകൾ നിശ്ചയിക്കുമെന്നാണ് സംസ്ഥാന ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്.
Discussion about this post