ന്യൂഡൽഹി : സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ ഇന്ത്യ സന്ദർശനത്തിൽ ഇന്ന് ഇന്ത്യയും സിംഗപ്പൂരും തമ്മിൽ നിരവധി സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ ലോറൻസ് വോങ്ങ് ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ പരസ്പര സഹകരണം ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. പ്രതിരോധ-സുരക്ഷാ കരാറുകളുടെ ഭാഗമായി ഏറെ പ്രാധാന്യമുള്ള മലാക്ക കടലിടുക്കിൽ ഇനി ഇന്ത്യയുടെ നിരീക്ഷണവും ഉണ്ടാകും. ഇന്ത്യയുടെ അസംസ്കൃത എണ്ണ, വാതക ഇറക്കുമതിയുടെ വലിയൊരു ഭാഗം ഈ പാതയിലൂടെയാണ്. അതിനാൽ തന്നെ ഈ പാതയുടെ സുരക്ഷ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
സമഗ്ര തന്ത്രപരമായ പങ്കാളിത്ത (സിഎസ്പി) രൂപരേഖയ്ക്കാണ് ഇന്ന് ഇന്ത്യയും സിംഗപ്പൂരും അംഗീകാരം നൽകിയിരിക്കുന്നത്. പ്രതിരോധ, സുരക്ഷാ മേഖലയിലെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം. ഏഷ്യ-പസഫിക്, ഇന്തോ-പസഫിക് മേഖലകളിലെ മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയത്തിനിടയിൽ ഇന്ത്യയ്ക്ക് ഈ പങ്കാളിത്തം തന്ത്രപരമായി വളരെ പ്രധാനമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലും ദക്ഷിണ ചൈനാ കടലിലും തന്ത്രപരമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഈ സംയുക്ത കരാറുകൾ സഹായകരമാകുന്നതാണ്.
ഇന്ത്യ-സിംഗപ്പൂർ പങ്കാളിത്തത്തെ അടുത്ത തലമുറ പ്രതിരോധ സഹകരണമാക്കി മാറ്റുന്നതിന്റെ ഭാഗമായി ആളില്ലാ കപ്പലുകളും ഓട്ടോമേഷനും വഴി നാവിക പ്രവർത്തനങ്ങളും അന്തർവാഹിനി വിരുദ്ധ യുദ്ധ ശേഷികളും മെച്ചപ്പെടുത്തുന്നതാണ്. ഏറ്റവും പ്രധാനമായി, മലാക്ക കടലിടുക്ക് പട്രോളിംഗിലുള്ള ഇന്ത്യയുടെ താൽപ്പര്യത്തെ സിംഗപ്പൂർ അഭിനന്ദിച്ചു. ആഗോള വ്യാപാരത്തിലെ ഏറ്റവും സെൻസിറ്റീവ് റൂട്ടുകളിൽ ഒന്നാണിത്. ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും സെൻസിറ്റീവും പ്രധാനപ്പെട്ടതുമായ കടൽ പാതകളിലൊന്നാണ് മലാക്ക കടലിടുക്ക്. ഇന്ത്യൻ മഹാസമുദ്രത്തെ ദക്ഷിണ ചൈനാ കടലുമായും പസഫിക് സമുദ്രവുമായും ബന്ധിപ്പിക്കുന്ന ഏകദേശം 800 കിലോമീറ്റർ നീളമുള്ള ഇടുങ്ങിയ കടൽ പാതയാണിത്. ലോകത്തിലെ മൊത്തം സമുദ്ര വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. പ്രത്യേകിച്ച്, ഇന്ത്യ, ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ഊർജ്ജ വിതരണവും വ്യാപാരവും ഈ പാതയെ ആശ്രയിച്ചിരിക്കുന്നു. ചൈനയും തങ്ങളുടെ ആഗോള വ്യാപാരത്തിന് മലാക്ക കടലിടുക്കിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് ഇന്ത്യയ്ക്ക് ഈ വഴി നിരീക്ഷിക്കാൻ നിരീക്ഷിക്കാൻ കഴിയും എന്നുള്ളത് ഇന്ത്യയ്ക്ക് ലഭിക്കുന്ന ഒരു സുപ്രധാന നേട്ടമാണ്.









Discussion about this post