തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസിന്റെ എക്സ് അക്കൗണ്ടിൽ നിന്നും ബീഹാറിനെതിരായി ഉണ്ടായ പോസ്റ്റ് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ബീഹാറും ബീഡിയും ഒരുപോലെയാണെന്ന് സൂചിപ്പിച്ച പോസ്റ്റിന് പിന്നാലെ ഇൻഡി സഖ്യത്തിൽ നിന്നും കടുത്ത വിമർശനം ഉയർന്നിരുന്നു. വിവാദമായതോടെ കേരള കോൺഗ്രസിന്റെ എക്സ് അക്കൗണ്ട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.
പോസ്റ്റ് വിവാദമാവുകയും മാപ്പ് പറയുകയും ചെയ്തതിന് പിന്നാലെ ഇപ്പോൾ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ചുമതലയിൽ നിന്നും വി ടി ബൽറാം സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ ആയിരുന്നു വി ടി ബൽറാം. കോൺഗ്രസിൻറെ സോഷ്യൽ മീഡിയ വിങ് ഉടൻ തന്നെ പുനഃസംഘടിപ്പിക്കുമെന്നും സ്ഥാനമൊഴിയാനുള്ള സന്നദ്ധത ബൽറാം അറിയിച്ചതായും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് വ്യക്തമാക്കി.
ബീഹാർ പോസ്റ്റ് വിഷയത്തിൽ ജാഗ്രതക്കുറവും സൂക്ഷ്മത കുറവും ഉണ്ടായെന്നും സണ്ണി ജോസഫ് സൂചിപ്പിച്ചു. ബീഹാർ പോസ്റ്റിന്റെ കാര്യത്തിൽ എഐസിസിയും കടുത്ത എതിര്‍പ്പാണ് സംസ്ഥാന നേതൃത്വത്തെ അറിയിയിച്ചത്. ബീഹാറിന്റെ പൊതുവികാരം വ്രണപ്പെടുത്തിയെന്ന് ഇൻഡി സഖ്യത്തിലെ മറ്റൊരു പ്രമുഖ നേതാവ് തേജസ്വി യാദവും കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post