ലണ്ടൻ : യുകെയിൽ പലസ്തീൻ അനുകൂല സംഘടനയായ പലസ്തീൻ ആക്ഷന്റെ നിരോധനവുമായി ബന്ധപ്പെട്ട് പ്രതിഷേധവും സംഘർഷവും. ഭീകര സംഘടനയായി മുദ്രകുത്തിയാണ് ഈ ആക്ടിവിസ്റ്റ് ഗ്രൂപ്പിനെ സർക്കാർ നിരോധിച്ചിരിക്കുന്നത്. പാലസ്തീൻ ആക്ഷൻ നിരോധനത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ ശനിയാഴ്ച ഏകദേശം 425 പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു.
ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടികൾക്ക് ബ്രിട്ടൻ നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ച് ആക്ടിവിസ്റ്റുകൾ റോയൽ എയർഫോഴ്‌സ് ബേസിൽ അതിക്രമിച്ചു കയറി വിമാനങ്ങൾ നശിപ്പിക്കുകയും ടാങ്കർ എഞ്ചിനുകളിൽ ചുവന്ന പെയിന്റ് ഒഴിക്കുകയും ചെയ്ത സംഭവത്തെത്തുടർന്നായിരുന്നു പലസ്തീൻ ആക്ഷനെ യുകെ സർക്കാർ നിരോധിച്ചിരുന്നത്. തീവ്രവാദ സംഘടനയായ മുദ്രകുത്തിയാണ് പലസ്തീൻ ആക്ഷൻ നിരോധിച്ചത്.
ശനിയാഴ്ച യുകെ പാർലമെന്റിന് പുറത്താണ് പലസ്തീൻ ആക്ഷൻ ആക്ടിവിസ്റ്റ് ഗ്രൂപ്പിനെ അനുകൂലിക്കുന്നവർ പ്രതിഷേധത്തിനായി എത്തിയിരുന്നത്. സംഘടനയുടെ നിരോധനത്തിനെതിരായി ഒത്തുകൂടിയിരുന്നവരും പോലീസും തമ്മിൽ സംഘർഷം ഉണ്ടാവുകയും 425 പേരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.
25 ലധികം പേർക്കെതിരെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് കേസെടുത്തിട്ടുണ്ട്. നിരവധി പേർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും 400 ലേറെ പേർക്കെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരവും കേസെടുത്തു.
Discussion about this post