ന്യൂഡൽഹി : കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതബാധിതമായ ഹിമാചൽ പ്രദേശിലെയും പഞ്ചാബിലെയും സ്ഥിതിഗതികൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തും. ഇതിനായി ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക വ്യോമ നിരീക്ഷണം നടത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് രണ്ടു സംസ്ഥാനങ്ങളിലും വ്യോമ സർവേയും ഉന്നതതല അവലോകന യോഗങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഹിമാചൽപ്രദേശിൽ ആയിരിക്കും പ്രധാനമന്ത്രി ആദ്യം സന്ദർശനം നടത്തുക. ഉച്ചയ്ക്ക് 1:30 ഓടെ അദ്ദേഹം കാംഗ്രയിൽ എത്തും. അവിടെ അദ്ദേഹം സംസ്ഥാന ഉദ്യോഗസ്ഥരെ കാണുകയും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉന്നതതല അവലോകന യോഗം നടത്തുകയും ചെയ്യും. മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദിവസങ്ങളായി പ്രവർത്തിക്കുന്ന ദേശീയ ദുരന്ത നിവാരണ സേന (NDRF), സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ആപ്ദ മിത്ര ടീം എന്നിവയിലെ ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് പ്രധാനമന്ത്രി പഞ്ചാബിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുക. തുടർന്ന് വൈകുന്നേരം 4:15 ഓടെ പ്രധാനമന്ത്രി മോദി ഗുരുദാസ്പൂരിൽ എത്തും. ഇവിടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അവലോകനയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. ബിയാസ്, സത്‌ലജ്, രവി, ഘഗ്ഗർ എന്നിവയുൾപ്പെടെയുള്ള പ്രധാന നദികൾ അപകടനിലയ്ക്ക് മുകളിലായതിനാൽ പഞ്ചാബിൽ അതീവ ജാഗ്രത നിർദ്ദേശമാണ് നിലനിൽക്കുന്നത്.
Discussion about this post