കാഠ്മണ്ഡു : നേപ്പാളിലെ ‘ജെൻ സീ പ്രതിഷേധം’ തുടരവേ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെച്ചു. അക്രമാസക്തമായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പ്രധാനമന്ത്രി ഒലി നേരത്തെ ഒരു സർവകക്ഷി യോഗം വിളിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. നേപ്പാൾ പ്രധാനമന്ത്രിയുടെ രാജി പ്രസിഡണ്ട് അംഗീകരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്–ലെനിനിസ്റ്റ്) നേതാവായ കെ പി ശർമ്മ ഒലി 2024 ജൂലൈ 15നാണ് നേപ്പാൾ പ്രധാനമന്ത്രിയായി അധികാരമേറ്റിരുന്നത്.
നേപ്പാളിലെ ഐടി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്ത 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിച്ചതിനെ തുടർന്നായിരുന്നു പുതുതലമുറയിലെ യുവാക്കളും വിദ്യാർത്ഥികളും ചേർന്ന് രാജ്യം എന്നും കനത്ത പ്രതിഷേധം ഉയർത്തിയത്. വൈകാതെ തന്നെ ഈ പ്രതിഷേധങ്ങൾ ഒരു കലാപ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം നേപ്പാൾ ആഭ്യന്തരമന്ത്രിയും കൃഷിമന്ത്രിയും രാജിവച്ചിരുന്നു.
പ്രതിഷേധങ്ങൾ കണക്കിലെടുത്ത് സോഷ്യൽ മീഡിയ നിരോധനം നേപ്പാൾ സർക്കാർ പിൻവലിച്ചെങ്കിലും ‘ജെന്‍ സീ’ പ്രതിഷേധം വീണ്ടും തുടരുകയാണ്. രാജ്യം മുഴുവൻ വലിയ സംഘർഷ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. സംഘർഷങ്ങളെ തുടർന്ന് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വിമാനങ്ങളും റദ്ദാക്കി. ഇതോടെ ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി വിനോദസഞ്ചാരികൾ നേപ്പാളിൽ കുടുങ്ങിക്കിടക്കുകയാണ്.
പൂർണ്ണമായും അക്രമാസക്തമായ പ്രതിഷേധങ്ങളാണ് നേപ്പാളിൽ നടക്കുന്നത്. സർക്കാരിലെ നിരവധി മന്ത്രിമാരുടെ വീടുകൾ പ്രതിഷേധക്കാർ കല്ലെറിഞ്ഞും തീ വെച്ചും നശിപ്പിച്ചു. നേപ്പാൾ രാഷ്ട്ര ബാങ്ക് ഗവർണറുടെ വീടും ആക്രമണത്തിനിരയായി. തെരുവുകളിൽ പ്രതിഷേധക്കാർ കണ്ണിൽ കണ്ട വാഹനങ്ങൾ എല്ലാം തീ വെച്ച് നശിപ്പിച്ചു. നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി, പ്രസിഡന്റ് രാമചന്ദ്ര പൗഡൽ എന്നിവരുടെ വീടുകൾക്ക് നേരെയും കല്ലേറും ആക്രമണവും ഉണ്ടായി. നേപ്പാൾ ഗവൺമെന്റ് ചൈനയുമായി കൂടുതൽ അടുക്കുന്ന സാഹചര്യമാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണം എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൈനയുമായി അടുക്കുന്ന രാജ്യങ്ങൾക്ക് നേരെ അമേരിക്ക നടത്തുന്ന ഗൂഢാലോചനയാണ് നേപ്പാളിലെ സംഘർഷങ്ങൾക്ക് പിന്നിൽ എന്നും ചില നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബംഗ്ലാദേശിന് പിന്നാലെ ഇപ്പോൾ നേപ്പാളിലും ഗുരുതരമായ ഭരണപ്രതിസന്ധി ഉണ്ടായിരിക്കുകയാണ്.
Discussion about this post