കാഠ്മണ്ഡു : നേപ്പാളിലെ ‘ജെൻ സീ പ്രതിഷേധം’ ഇപ്പോൾ ആഗോള ശ്രദ്ധ തന്നെ നേടുകയാണ്. പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവെക്കുകയും രാജ്യം വിടുകയും ചെയ്തതോടെ നേപ്പാളിലെ ‘ജെൻ സീ’ പ്രസ്ഥാനം ഇന്ന് അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയാകുന്നു. ‘ജെൻ സീ’ പ്രസ്ഥാനത്തിന്റെ നേതാവ് ബാലൻ ഷായും ഇതോടൊപ്പം ശ്രദ്ധ നേടുകയാണ്. നേപ്പാളിൽ നടന്ന പുതുതലമുറ പ്രതിഷേധങ്ങൾക്ക് പിന്നണിയിൽ പ്രവർത്തിച്ചത് ഈ 35 കാരനായ യുവ നേതാവാണ്.
ബാലേന്ദ്ര ഷാ എന്ന ബാലൻ ഷാ നിലവിൽ കാഠ്മണ്ഡു മേയർ ആണ്. നേപ്പാളിലെ ഒരു രാഷ്ട്രീയപാർട്ടിയുടെയും ഭാഗമല്ലാതെ സമൂഹമാധ്യമങ്ങളിലൂടെ ഉയർന്ന വന്ന നേതാവാണ് ബാലൻ ഷാ. നേരത്തെ ഇദ്ദേഹം ഒരു റാപ്പർ ആയിരുന്നു. സ്വതന്ത്രമായി മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ട കാഠ്മണ്ഡുവിലെ ആദ്യ മേയർ ആണ് അദ്ദേഹം. ഇന്ത്യയിൽ നിന്നും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം സംഗീത ജീവിതത്തിലേക്കും പിന്നീട് രാഷ്ട്രീയത്തിലേക്കും തിരിഞ്ഞത് എങ്കിലും നേപ്പാളിൽ ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വ്യക്തി കൂടിയാണ് ബാലൻ ഷാ.
ഇന്ത്യയിലെ കർണാടകയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള വ്യക്തിയാണ് ബാലൻ ഷാ. എന്നാൽ നേപ്പാളിൽ ഇന്ത്യ സാംസ്കാരിക അധിനിവേശം നടത്തുന്നു എന്നാണ് ഇദ്ദേഹം തന്നെ പല പ്രസ്താവനങ്ങളിലും പരാതി ഉന്നയിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമയായ ആദിപുരുഷിൽ ‘ സീത ഇന്ത്യയുടെ മകളാണ്’ എന്ന ഡയലോഗിനെതിരെ കടുത്ത പ്രതിഷേധം ബാലൻ ഷാ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യൻ സിനിമകൾ നേപ്പാളിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അഴിമതികളെ കുറിച്ച് നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ ബാലൻ ഷാ സംവദിച്ചിരുന്നു. ഇത് യുവാക്കൾക്കിടയിൽ ഇദ്ദേഹത്തിന് വലിയ ജനപ്രീതി ഉണ്ടാക്കി. ബാലൻ ഷാ അടുത്ത പ്രധാനമന്ത്രിയാകണം എന്നാണ് ഇപ്പോൾ ‘ജെൻ സീ’ പ്രതിഷേധക്കാരുടെ ആവശ്യം.
Discussion about this post