ഡെറാഡൂൺ : ഡെറാഡൂണിൽ കഴിഞ്ഞ രാത്രി ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി നാശനഷ്ടങ്ങൾ. ഒഴുക്കിൽപ്പെട്ട നിരവധി തൊഴിലാളികളെ കാണാതായി. നിരവധി വീടുകൾ ഒഴുകിപ്പോയി. പലയിടങ്ങളിലും റോഡുകൾ തകർന്നു. ഇതുവരെ ആറ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡെറാഡൂൺ സഹസ്രധാരയിലാണ് മേഘവിസ്ഫോടനമുണ്ടായത്. ചമോലി, ചമ്പാവത്, ഉധം സിംഗ് നഗർ, ബാഗേശ്വർ, നൈനിറ്റാൾ എന്നീ ജില്ലകൾ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. പ്രേംനഗർ പർവാൾ ടോസ് നദിയിൽ ഒഴുക്കിൽപ്പെട്ട 10 തൊഴിലാളികളിൽ ആറുപേരുടെ മൃതശരീരങ്ങൾ കണ്ടെത്തി. ഡെറാഡൂണിലെ പൗണ്ഡയിൽ സ്ഥിതി ചെയ്യുന്ന ദേവഭൂമി ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ വെള്ളം ഇതിനെ തുടർന്ന് കുടുങ്ങിപ്പോയ 200 ഓളം വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി ധാമി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചുവരികയാണ്.
ഡെറാഡൂണിലെ ദുരന്തത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി ഫോണിൽ സംസാരിച്ച വിവരങ്ങൾ ശേഖരിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ ഭരണസംവിധാനം പൂർണ്ണ സജ്ജീകരണത്തോടെ സജീവമാണെന്നും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post