ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനത്തെ തുടർന്ന് ദുരന്തം. ചമോലി നന്ദനഗറിൽ ആണ് പുതുതായി മേഘവിസ്ഫോടനം ഉണ്ടായത്. ചമോലി ജില്ലയിലെ നന്ദനഗർ ഘട്ട് പ്രദേശത്ത് ബുധനാഴ്ച രാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ വ്യാപക നാശനഷ്ടമുണ്ടായതായി ചമോലി ജില്ലാ മജിസ്ട്രേറ്റ് സന്ദീപ് തിവാരി വ്യക്തമാക്കി.
മേഘവിസ്ഫോടനത്തെയും കനത്ത മഴയെയും തുടർന്ന് മേഖലയിലെ നിരവധി വീടുകളും റോഡുകളും തകർന്നു.
നന്ദനഗറിലെ കുന്താരി ലഗഫാലി വാർഡിൽ ആറ് വീടുകൾ പൂർണ്ണമായും തകർന്നു. ഏഴ് പേരെ കാണാതായതായും രണ്ട് പേരെ രക്ഷപ്പെടുത്തിയതായും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. എസ്ഡിആർഎഫിന്റെയും എൻഡിആർഎഫിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
മേഘവിസ്ഫോടനത്തിന് പിന്നാലെ മോക്ഷ നദിയിലെ ജലനിരപ്പ് വലിയതോതിൽ ഉയർന്നത് മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഉത്തരാഖണ്ഡിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ മേഖലകളിൽ മേഘവിസ്ഫോടനങ്ങളും കനത്ത മഴയും തുടരുകയാണ്. ഡെറാഡൂണിൽ മേഘവിസ്ഫോടനത്തിലും മഴയിലും ഇതുവരെ 17 പേർ മരിച്ചു.
Discussion about this post