കൊച്ചി: സിപിഎം എഫണാകുളം ജില്ല സെക്രട്ടറി പി രാജീവിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കേണ്ടെന്ന പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നില്‍ രണ്ട് പ്രമുഖ അബ്കാരികളാണെന്ന് ആരോപണം. ബാര്‍ക്കോഴക്കേസില്‍ കെ ബാബുവിനൊപ്പം നിന്ന് എറണാകുളത്ത് പ്രമുഖ ഹോട്ടല്‍ വ്യവസായിയും ബാര്‍ മുതലാളിയുമായ പ്രമുഖനും, ബാര്‍ അസോസിയേഷനിലെ നിര്‍ണായ വ്യക്തിത്വമായ മറ്റൊരു ബാര്‍ ഉടമയുമാണ് പി രാജീവിനെ മത്സരിപ്പിക്കാതിരിക്കാന്‍ സിപിഎമ്മിനകത്ത് സമര്‍ദ്ദം ചെലുത്തിയതെന്നാണ് ആരോപണം.
തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ വിജയിപ്പിക്കാനുള്ള ക്വട്ടേഷന്‍ ഈ സംഘം ഏറ്റെടുത്തതായി ചില സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. വിവിധ രാഷ്ട്രീയ കക്ഷികളെ സ്വാധീനിക്കാന്‍ വന്‍തുക തന്നെ ഇവര്‍ ഇറക്കിയിട്ടുണ്ട്. ബാര്‍ക്കോഴ കേസില്‍ ബിജു രമേശ് ഉയര്‍ത്തിയ ആരോപണങ്ങളുടെ ശക്തി കുറച്ചതും ഈ അബ്കാരികളായിരുന്നു. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ബാറുകള്‍ തുറപ്പിക്കാനുള്ള ശ്രമത്തിന് പിന്നില്‍ ഇവരുണ്ടായിരുന്നെങ്കിലും കെ ബാബുവിനെ സംരക്ഷിക്കുന്ന നിലപാടാണ് ഇവര്‍ ബാര്‍ ഉടമകളുടെ സംഘടനയില്‍ സ്വീകരിച്ചത്. ആരോപണങ്ങള്‍ കെ ബാബുവിന് തിരിച്ചടിയാകുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ ഇവരിടപെട്ട് അത്തരം ഇടപെടലുകളുടെ ശക്തികുറച്ചതായി അന്ന് തന്നെ വാര്‍ത്തകളുണ്ടായിരുന്നു.
പി രാജീവിനെ പോലുള്ള ശക്തനായ യുവനേതാവ് എതിരാളിയാവുന്നത് കെ ബാബുവിന് വലിയ വെല്ലുവിളിയാകുമായിരുന്നു. തുടക്കം മുതല്‍ തൃപ്പൂണിത്തുറയില്‍ രി രാജീവിനെ തന്നെ മത്സരിപ്പിക്കാനാണ് സിപിഎം പ്രാദേശിക ഘടകങ്ങളും, ജില്ല നേതൃത്വവും തീരുമാനിച്ചിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പെ ഈയൊരു സാധ്യത മുന്നില്‍ കണ്ട് പാര്‍ട്ടി പ്രാദേശികഘടകങ്ങള്‍ പ്രചരണവും തുടങ്ങി. ജില്ല സെക്രട്ടറിയേറ്റ് മുന്നോട്ട് വച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ തൃപ്പൂണിത്തുറയില്‍ നിന്ന് പി രാജീവിന്റെ പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. രാജീവിനേക്കാള്‍ യോജിച്ച ഒരു സ്ഥാനാര്‍ത്ഥിയെ തൃപ്പൂണിത്തുറയില്‍ ലഭിക്കില്ല എന്നതും പാര്‍ട്ടി അണികളെ ആവേശത്തിലാക്കി. എന്നാല്‍ ജില്ല സെക്രട്ടറിമാര്‍ മത്സരിക്കണമെങ്കില്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രത്യേക അനുമതി വേണമെന്ന നിര്‍ദ്ദേശത്തില്‍ പിടിച്ച് സംസ്ഥാന നേതൃത്വം പി രാജീവിന് മത്സപാനുമതി നല്‍കിയില്ല. പാര്‍ലനമെന്ററി രംഗത്ത് ഏറ പരിചിതനായ പി രാജീവ് ഇടത് മുന്നണി ജയിച്ചാല്‍ മന്ത്രിസ്ഥാനത്തേക്ക് വരെ പരിഗണിക്കാവുന്ന നേതാവാണ്. അങ്ങനെയിരിക്കെ പി രാജീവ് മത്സരിക്കേണ്ട എന്ന് നേതൃത്വം എടുത്ത തീരുമാനം അണികളെ ഞെട്ടിച്ചു. ജില്ല സെക്രട്ടറിമാര്‍ മത്സരിക്കേണ്ട എന്ന പാര്‍ട്ടി തീരുമാനം പി രാജീവിന്റെ കാര്യത്തില്‍ പാലിക്കേണ്ടതുണ്ടോ എന്നാണ് അവരുടെ ചോദ്യം. തൃശ്ശൂര്‍ ജില്ല സെക്രട്ടറി എ.സി മൊയ്തീന് കുന്നംകുളത്ത് മത്സരിക്കാന്‍ അനുമതി നല്‍കിയ കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നാം തവണയാണ് എ.സി മൊയ്തീന്‍ മത്സരരംഗത്ത് എത്തുന്നത്. സ്വന്തം മണ്ഡലമായ വടക്കാഞ്ചേരി വിട്ട് മൊയ്തീന്‍ കുന്നംകുളത്ത് മത്സരിക്കുമ്പോള്‍ രാജീവിന്റെ കാര്യത്തില്‍ ഇതൊന്നും ബാധകമാവാത്തത് എന്താണെന്നാണ് ചോദ്യം.
സിപിഎമ്മിന് ശക്തമായ വിമതശല്യം ഉള്ള തൃപ്പൂണിത്തുറയില്‍ രാജീവ് മത്സരിച്ചാല്‍ വിമതപ്രശ്‌നത്തിന് ഒരു പരിധിവരെ ശമനം ഉണ്ടാകുമായിരുന്നു. എന്നാല്‍ രാജീവ് മത്സരിക്കേണ്ട എന്ന് പാര്‍ട്ടി നിലപാടെടുത്തതോടെ വിമതരും നിലപാട് ശക്തമാക്കിയിരിക്കുകയാണ്.
ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. സാംസ്‌ക്കാരിക നേതാവായ തുറവൂര്‍ വിശ്വംഭരനാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃപ്പൂണിത്തുറയില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാനായില്ലെങ്കില്‍ എല്‍ഡിഎഫ് മുന്നാം സ്ഥാനത്തേക്ക് പോകാനുള്ള സാധ്യതയും തള്ളികളയാനാവില്ല.
രാജീവ് എന്ത് കൊണ്ട് മത്സരിക്കുന്നില്ല എന്ന ചോദ്യം പാര്‍ട്ടി അണികളില്‍ ഉയരുന്നതിനിടെയാണ് ഇപ്പോള്‍ പി രാജീവ് മത്സരിക്കേണ്ട എന്ന സിപിഎം തീരുമാനത്തിന് പിന്നില്‍ രണ്ട് പ്രമുഖ അബ്കാരികളാണെന്ന ആക്ഷേപം ഉയരുന്നത്.
അതേസമയം തൃപ്പൂണിത്തുറയില്‍ ഒരു ഘട്ടത്തിലും സ്ഥാനാര്‍ത്ഥിയായി തന്റെ പേര് ഉയര്‍ന്നിരുന്നില്ല എന്നാണ് പി രാജീവ് പറയുന്നത്. ബാക്കിയെല്ലാം മാധ്യമ സൃഷ്ടിയാണെന്നാണ് സിപിഎം നേതാക്കളും പറയുന്നത്. ഇക്കാര്യത്തില്‍ ഉയരുന്ന എല്ലാ ആരോപണങ്ങളും ചില ഗൂഢാലോചനകളുടെ ഭാഗമാണെന്നാണ് പി രാജീവിന്റെ വിശദീകരണം. പി രാജീവ് നിയമസഭയില്‍ എത്തുന്നത് തടയാന്‍ പാര്ട്ടിയ്ക്കകത്ത് നിന്ന് തന്നെ തില വിഭാഗം നേതാക്കള്‍ കളിച്ചുവെന്നും അണികള്‍ക്ക് ആരോപണമുണ്ട്. എന്തായാലും പി രാജീവിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത് പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
Discussion about this post