ലണ്ടൻ : നാടുകടത്തൽ വിചാരണ കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ്മിൻസ്റ്റർ കോടതിയെ സമീപിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ വജ്ര വ്യാപാരി നീരവ് മോദി. തന്നെ ഇന്ത്യയിലേക്ക് നാടുകടത്തിയാൽ വിവിധ ഏജൻസികൾ ചോദ്യം ചെയ്യുമെന്നും പീഡനത്തിന് വിധേയനാകുമെന്നും നീരവ് മോദി തന്റെ ഹർജിയിൽ വാദിക്കുന്നു. നീരവ് മോദി സമർപ്പിച്ച ഹർജി നവംബർ 23 ന് ലണ്ടൻ കോടതി പരിഗണിക്കും.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് നൂറുകണക്കിന് വ്യാജ ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് വഴി 6,498 കോടി രൂപ തട്ടിയെടുത്തെന്നാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. നീരവ് മോദിയെ നാടുകടത്തുമ്പോൾ ഇന്ത്യൻ നിയമങ്ങൾക്കനുസൃതമായി വിചാരണ ചെയ്യുമെന്നും ഏജൻസികളുടെ ചോദ്യം ചെയ്യൽ നേരിടേണ്ടിവരില്ലെന്നും ഈ വിഷയം അന്വേഷിക്കുന്ന ഏജൻസികൾ കോടതിയിൽ അറിയിച്ചിട്ടുണ്ട്. കേസിൽ ഇതിനകം തന്നെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതിനാൽ അദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്യേണ്ടി വരില്ല എന്നാണ് അന്വേഷണ ഏജൻസികൾ കോടതിയിൽ അറിയിച്ചിരിക്കുന്നത്.
മുംബൈയിലെ ആർതർ റോഡ് ജയിലിലെ 12-ാം നമ്പർ ബാരക്കിൽ നീരവ് മോദിയെ പാർപ്പിക്കുമെന്ന് ഇന്ത്യ ബ്രിട്ടനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മറ്റു തടവുകാരിൽ നിന്നും മാറിയുള്ള ഈ ബാരക്കിൽ യാതൊരുവിധ ആക്രമണമോ ദുരുപയോഗമോ ഇല്ലാതെ മെഡിക്കൽ സൗകര്യങ്ങളുടെ ലഭ്യതയോടെ നീരവ് മോദിയെ താമസിപ്പിക്കും എന്നാണ് ഇന്ത്യ ലണ്ടൻ കോടതിയെ അറിയിച്ചിരിക്കുന്നത്. 54 കാരനായ വജ്ര വ്യാപാരി നീരവ് മോദിയെ 2019 മാർച്ച് 19 ന് ഇന്ത്യയുടെ ഒരു എക്സ്ട്രാഡിഷൻ വാറണ്ടിൽ ബ്രിട്ടനിൽ അറസ്റ്റ് ചെയ്തിരുന്നു. അന്നത്തെ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ 2021 ഏപ്രിലിൽ അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറാൻ ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവിനെതിരായി നീരവ് മോദി പരമോന്നത കോടതികളെ ഉൾപ്പെടെ സമീപിച്ചിരുന്നു. ഏകദേശം ആറ് വർഷമായി അദ്ദേഹം ലണ്ടൻ ജയിലിലാണ് കഴിയുന്നത്.
Discussion about this post