തിരുവനന്തപുരം : ശബരിമലയിലെ ഇപ്പോഴത്തെ സ്വർണ്ണപ്പാളി വിവാദം അയ്യപ്പഭക്തർ ഒഴുക്കിയ കണ്ണീരിനുള്ള തിരിച്ചടിയാണെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍. അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ മണ്ഡലത്തിന്റെ 11-ാമത് ജില്ലാ വാര്‍ഷിക സമ്മേളനവും ആചാര്യ കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത സംസാരിക്കുമ്പോഴാണ് ശശികല ടീച്ചർ ഈ കാര്യം വ്യക്തമാക്കിയത്. 2018-19 കാലഘട്ടത്തിൽ അയ്യപ്പഭക്തർ ഒഴുക്കിയ കണ്ണീര് പാഴായില്ലെന്ന് ഇപ്പോൾ നടക്കുന്ന വിവാദങ്ങളിലൂടെ വിശ്വാസമായെന്നും ശശികല ടീച്ചർ വ്യക്തമാക്കി.
ശബരിമലയിലെ കള്ളത്തരങ്ങൾ പുറത്തറിയുമെന്ന പേടികൊണ്ടാണ് ദേവസ്വം ബോർഡ് ഹൈന്ദവ സംഘടനകളെ അവിടെ അടുപ്പിക്കാത്തത്. പുറത്ത് പറയാൻ കഴിയാത്ത പലകാര്യങ്ങളും ശബരിമലയിൽ നടക്കുന്നുണ്ടെന്ന് മുൻമേൽശാന്തി എന്നോട് വെളിപ്പെടുത്തിയിരുന്നു. വിവിധ പേരുകളിൽ വൗച്ചറുകൾ ഒപ്പിട്ടു നൽകി അതിന്റെ പണം എല്ലാം ദേവസ്വം ഉദ്യോഗസ്ഥർ തന്നെ കൈപ്പറ്റുകയാണ്. അനീതി കണ്ടാൽ എതിർക്കുന്നവരെ ദേവസ്വം അകറ്റിനിർത്തുകയാണ് എന്നും ശശികല ടീച്ചർ സൂചിപ്പിച്ചു.
ക്ഷേത്രകാര്യങ്ങൾ ഏൽപ്പിക്കേണ്ടത് അത് മിത്ത് ആണെന്ന് പറയുന്നവരെ അല്ല സ്വത്തായി കാണുന്നവരെ ആണ് എന്നും ശശികല ടീച്ചർ അഭിപ്രായപ്പെട്ടു. ദേവസ്വം ബോര്‍ഡ് കൊള്ളസംഘത്തിന്റെ കേന്ദ്രമായി മാറിയതായി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ചടങ്ങിലെ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. അഖില കേരള തന്ത്രിമണ്ഡലം ജില്ലാ പ്രസിഡന്റ് വാഴയില്‍മഠം എസ്. വിഷ്ണു നമ്പൂതിരി അധ്യക്ഷനായ ചടങ്ങില്‍ കെ പി ശശികല ടീച്ചറെ ശ്രീ ശബരീശ പുരസ്‌കാരം നല്‍കി ആദരിച്ചു.
Discussion about this post