ഭോപ്പാൽ : രാജ്യത്ത് ഉപയോഗത്തിലുള്ള രണ്ട് കഫ് സിറപ്പുകളിൽ കൂടി വിഷ രാസവസ്തുക്കൾ കണ്ടെത്തി. മധ്യപ്രദേശിൽ കഫ് സിറപ്പ് കഴിച്ച് 14 കുട്ടികൾ മരിച്ച സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. കോൾഡ്രിഫ് എന്ന കഫ് സിറപ്പ് ആണ് കുട്ടികളുടെ മരണത്തിന് കാരണമായിരുന്നത്. തുടർന്ന് നടത്തിയ പരിശോധനകളിൽ രണ്ട് കഫ് സിറപ്പുകളിൽ കൂടി അപകടകരമായ രീതിയിൽ വിഷ രാസവസ്തുക്കൾ അടങ്ങിയതായി കണ്ടെത്തിയിരിക്കുകയാണ്.
റീ-ലൈഫ്, റെസ്പിഫ്രഷ് ടിആർ എന്നീ പേരുകളിൽ ഉള്ള രണ്ട് കഫ് സിറപ്പുകളിൽ ആണ് വിഷാംശം കണ്ടെത്തിയിട്ടുള്ളത്. ഇവ രണ്ടിലും അപകടകരമായ രീതിയിൽ ഉയർന്ന അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ സാന്നിധ്യമാണ് കണ്ടെത്തിയത്. മധ്യപ്രദേശ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നടത്തിയ പുതിയ പരിശോധനാ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
തമിഴ്നാട്ടിൽ നിർമ്മിച്ച കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ചതാണ് മധ്യപ്രദേശിലെ നിരവധി കുട്ടികളുടെ മരണത്തിന് കാരണമായത്. തുടർന്ന് മരുന്ന് കമ്പനി ഉടമയേയും മരുന്ന് കുറിച്ചു നൽകിയ ഡോക്ടറെയും അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഈ ബ്രാൻഡ് കഫ് സിറപ്പ് നിരോധിക്കുകയും ചെയ്തിരുന്നു. കുട്ടികളിൽ വൃക്ക തകരാറ്, നാഡീസംബന്ധമായ തകരാറുകൾ തുടങ്ങിയ മാരകമായ അവസ്ഥകൾക്ക് കാരണമാകുന്ന ഡൈഎത്തിലീൻ ഗ്ലൈക്കോൾ ആണ് കഫ് സിറപ്പുകളിൽ ഉയർന്ന അളവിൽ കണ്ടെത്തിയിട്ടുള്ളത്.
Discussion about this post