കാബൂൾ : ഭീകരരെ സംരക്ഷിക്കുന്ന നയം പാകിസ്താൻ അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി താലിബാൻ. ഇസ്ലാമിക് സ്റ്റേറ്റിന്റെ നിരവധി പ്രധാന നേതാക്കൾ പാകിസ്താനിൽ ഒളിവിൽ കഴിയുന്നുണ്ട് എന്നും താലിബാൻ അറിയിച്ചു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ നയം കാരണം നിരവധി ലോക രാജ്യങ്ങൾ ഭീഷണി നേരിടുന്നുണ്ടെന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് ഇന്ന് ഒരു പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
“പാകിസ്താൻ സ്വന്തം മണ്ണിൽ ഒളിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഐസിസ് അംഗങ്ങളെ പുറത്താക്കുകയോ ഇസ്ലാമിക് എമിറേറ്റിന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങൾക്കും ഐസിസ് ഗ്രൂപ്പ് ഭീഷണിയാണ്. കറാച്ചി, ഇസ്ലാമാബാദ് വിമാനത്താവളങ്ങൾ വഴി പരിശീലനത്തിനായി നിരവധി ഐസിസ് ഭീകരർ പാകിസ്താനിൽ എത്തിയിട്ടുണ്ട് ” എന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്റെ മണ്ണിലേക്ക് അതിക്രമിച്ചു കടക്കുകയോ വ്യോമാതിർത്തി ലംഘിക്കുകയോ ചെയ്യുന്ന ആർക്കും ‘കടുത്ത പ്രതികരണം’ നേരിടേണ്ടിവരുമെന്നും താലിബാൻ അറിയിച്ചു.
ഖത്തറിന്റെയും സൗദി അറേബ്യയുടെയും അഭ്യർഥന മാനിച്ചുകൊണ്ട് തൽക്കാലം ആക്രമണങ്ങൾ നിർത്തിവച്ചിരിക്കുകയാണ് എന്നും സബിഹുള്ള മുജാഹിദ് സൂചിപ്പിച്ചു.
Discussion about this post