കേരളത്തില്‍ ബാല വിവാഹങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ചാണ് 2024-25 ല്‍ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജനുവരി 15 വരെ 18 ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. 2023-24ല്‍ 14 ഉം 2022-23 ല്‍ 12 ആയിരുന്നു കണക്ക്. ഈ വര്‍ഷം കൂടുതല്‍ ശൈശവ വിവാഹം നടന്നത് തൃശൂരാണ്. ഈ വര്‍ഷം റിപ്പോർട്ട് ചെയ്ത 18 കേസുകളില്‍ 10 ഉം തൃശൂരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
മലപ്പുറത്ത് മൂന്ന് ബാലവിവാഹങ്ങളും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം, ആലപ്പുഴ, വയനാട് എന്നിവിടങ്ങളില്‍ ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ശൈശവ വിവാഹങ്ങളെ പ്രതിരോധിക്കുന്നതിലും കുറവ് വന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
2022-23 ല്‍ 108 ബാലവിവാഹങ്ങള്‍ ഔദ്യോഗികമായി തടഞ്ഞിരുന്നു. 2023-24ല്‍ ഇത് 52 ആയും 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയില്‍ 48 ആയും കുറഞ്ഞു. കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പ്രതിഫലം നല്‍കുന്ന സംസ്ഥാനത്തിന്റെ പൊന്‍വാക്ക് പദ്ധതിപ്രകാരം 2022-2023 ല്‍ എട്ട് ബാലവിവാഹങ്ങള്‍ തടയാന്‍ കഴിഞ്ഞു. 2023-24ല്‍ ഏഴ് കേസുകളും 2024- 25 ല്‍ 10 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം, മാറാക്കര മരവട്ടം പത്തായക്കലില്‍ ഒമ്പതാം ക്ലാസ് വിദ്യര്‍ത്ഥിയായ പതിനാല് വയസുകാരിയുടെ വിവാഹ നിശ്ചയം പോലീസെത്തി തടഞ്ഞിരുന്നു പ്രതിശ്രുത വരനും വീട്ടുകാർക്കും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ കാടാമ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്.പെൺകുട്ടിയുടെ വീട്ടുകാര്‍ക്കും പ്രതിശ്രുത വരനും അയാളുടെ വീട്ടുകാര്‍ക്കും ചടങ്ങിനെത്തിയ പത്ത് പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. വിവാഹമുറപ്പിക്കല്‍ നടക്കുന്നുവെന്നറിഞ്ഞ് സമീപത്തെ ഒരു സാമൂഹ്യ പ്രവര്‍ത്തക രണ്ട് ദിസവം മുമ്പ് പെൺകുട്ടിയുടെ വീട്ടിലെത്തി ഇത് നിയമ വിരുദ്ധമാണെന്നും പിൻമാറണമെന്നും പറഞ്ഞിരുന്നു. സാമ്പത്തിക പ്രയാസത്തിലാണെന്നും പിതാവ് സംരക്ഷിക്കാനാല്ലാത്ത കുട്ടിയെ വേഗത്തില്‍ വിവാഹം ചെയ്തു വിടുകയല്ലാതെ മറ്റ് വഴിയില്ലെന്നും പറഞ്ഞ് വീട്ടുകാര്‍ തീരുമാനത്തില്‍ ഉറച്ച് നിന്നു.പ്രായപൂര്‍ത്തിയായ പ്രതിശ്രുത വരൻ കൂലിപണിക്കാരനാണ്. നന്നായി പഠിക്കുന്ന പെൺകുട്ടിക്ക് ഇപ്പോള്‍ വിവാഹത്തോട് താത്പര്യമുണ്ടായിരുന്നില്ല. അത് വീട്ടുകാരെ അറിയിച്ചെങ്കിലും അമ്മ സമ്മതിച്ചില്ല. അമ്മ നിര്‍ബന്ധിച്ചപ്പോള്‍ വിവാഹത്തിന് സമ്മതിച്ചെന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്.











Discussion about this post