ദീപാവലി സമയത്ത് ട്രെയിനിൽ യാത്ര ചെയ്യാൻ തയ്യാറെടുക്കുകയാണെങ്കിൽ ചില യാത്ര അറിയിപ്പുകൾ മനസിൽ വച്ചോളൂയെന്ന് ഇന്ത്യൻ റെയിൽവേ. ഉത്സവകാലത്ത് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ, ചില സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകരുതെന്നാണ് റെയിൽവേ അഭ്യർഥിച്ചിരിക്കുന്നത്.
ഈ സീസണിൽ നിങ്ങൾ കൊണ്ടുപോകാൻ പാടില്ലാത്തതും സുരക്ഷിതമായി എങ്ങനെ യാത്ര ചെയ്യാമെന്നതിനെക്കുറിച്ചും അറിയാം.യാത്രക്കാർ താഴെ പറയുന്ന ആറ് സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകുന്നത് ഒഴിവാക്കണം. പടക്കങ്ങൾ, മണ്ണെണ്ണ, ഗ്യാസ് സിലിണ്ടറുകൾ, സ്റ്റൗ, തീപ്പെട്ടി,സിഗരറ്റ്.
കാരണം ലളിതമാണ്: ഇവയിൽ പലതും എളുപ്പത്തിൽ തീപിടിക്കുന്നവയോ കത്തുന്നവയോ ആണ്. പരിമിതമായ വെന്റിലേഷനും ലോഹമോ പ്ലാസ്റ്റിക്കോ കൊണ്ടുള്ള പ്രതലങ്ങളുമുള്ള ട്രെയിനിലെ ഇടുങ്ങിയ സ്ഥലങ്ങളിൽ ഒരു ചെറിയ തീപ്പൊരിയിൽ നിന്നുപോലും ഉണ്ടാകാവുന്ന അപകടസാധ്യത വളരെ വലുതാണ്. ദീപാവലി, ഛഠ് പൂജ പോലുള്ള ഉത്സവങ്ങൾ റെയിൽ യാത്രയിൽ വലിയ തിരക്ക് സൃഷ്ടിക്കുന്നു. സ്റ്റേഷനുകൾ ജനങ്ങളെക്കൊണ്ട് നിറയുന്നു. പ്ലാറ്റ്ഫോമുകളിൽ കുടുംബങ്ങളും ലഗേജുകളും തിങ്ങിനിറയുന്നു. ഓരോ കംപാർട്ട്‌മെന്റും പതിവിലും കൂടുതൽ ഇടുങ്ങിയതായി അനുഭവപ്പെടുന്നു. ഇതിന്റെ മുന്നൊരുക്കമായി, ന്യൂഡൽഹി, ബാന്ദ്ര ടെർമിനസ്, ഉധ്ന, സൂറത്ത് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ യാത്രക്കാരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും പ്ലാറ്റ്ഫോമുകളിലെ തിരക്ക് കുറയ്ക്കുന്നതിനും സ്ഥിരം ഹോൾഡിങ് ഏരിയകൾ നിർമിച്ചിട്ടുണ്ട്.
Discussion about this post