ടെൽ അവീവ് : 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിൽ നടത്തിയ കൂട്ടക്കുരുതിയ്ക്കിടെ ബന്ദിയാക്കി തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥി ബിപിൻ ജോഷി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇസ്രായേൽ-ഗാസ പുതിയ വെടിനിർത്തൽ കരാർ പ്രകാരം 20 ബന്ദികളെയും കൊല്ലപ്പെട്ടവരുടെ മൃതദേഹ അവശിഷ്ടങ്ങളും ഇസ്രായേലിന് കൈമാറി. തന്റെ നാല് സുഹൃത്തുക്കളെ ധീരമായി രക്ഷിച്ച ശേഷം ഹമാസിന്റെ പിടിയിൽ അകപ്പെട്ട ബിപിൻ ജോഷിയുടെ മൃതദേഹ അവശിഷ്ടങ്ങളും കഴിഞ്ഞദിവസം ഇസ്രായേലിന് കൈമാറി.
22 വയസ്സ് ഉണ്ടായിരുന്ന വിദ്യാർത്ഥിയായ ബിപിൻ ജോഷി നേപ്പാൾ സ്വദേശിയാണ്. ഗാസ അതിർത്തിക്കടുത്തുള്ള കിബ്ബട്ട്സ് അലുമിമിൽ ഒരു കാർഷിക പരിശീലന പരിപാടിക്കായി നേപ്പാളിൽ നിന്ന് എത്തിയതായിരുന്നു അദ്ദേഹം. ഹമാസ് ബന്ദികൾ ആക്കിയവരുടെ കൂട്ടത്തിൽ അവശേഷിച്ചിരുന്ന ഏക ഇസ്രായേലി ഇതര ബന്ദി കൂടിയായിരുന്നു ബിപിൻ ജോഷി.
ഒക്ടോബർ 7 ന് രാവിലെ ഹമാസ് തീവ്രവാദികൾ അപ്രതീക്ഷിത ആക്രമണം നടത്തിയപ്പോൾ, ബിപിൻ ജോഷിയും ഒപ്പം ഉണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളും ഒരു ബോംബ് ബങ്കറിൽ അഭയം പ്രാപിച്ചിരുന്നു. ഹമാസ് ഭീകരർ ഗ്രനേഡുകൾ ഉള്ളിലേക്ക് എറിഞ്ഞപ്പോൾ, ബിപിൻ ജോഷി ഒരു ഗ്രനേഡ് പൊട്ടിത്തെറിക്കുന്നതിനുമുമ്പ് തിരികെ പുറത്തേക്ക് വലിച്ചെറിഞ്ഞത് നിരവധി ജീവൻ രക്ഷിച്ചിരുന്നു. പിന്നീട് ഹമാസ് ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റ അദ്ദേഹത്തെ ഭീകരർ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയി. നേരത്തെ പുറത്തുവിട്ട ഒരു വീഡിയോ ദൃശ്യത്തിൽ ബിപിൻ ജോഷിയെ ഗാസയിലെ ഷിഫ ആശുപത്രിയിലേക്ക് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ വ്യക്തമായിരുന്നു. വൈകാതെ തന്നെ ഇദ്ദേഹം കൊല്ലപ്പെട്ടിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
Discussion about this post