ചൈനയെ ഒതുക്കാൻ ഇന്ത്യയുടെ സഹായം കൂടിയേ തീരുവെന്ന് വ്യക്തമാക്കി അമേരിക്കയ ആഗോള അപൂർവ്വ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യത്തെ ചെറുക്കാൻ ഇന്ത്യയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രെഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് വ്യക്തമാക്കി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഉയർന്ന തീരുവ നിലനിർത്തുമ്പോഴാണ് യുഎസ് ട്രഷറി സെക്രട്ടറി ചൈനയ്‌ക്കെതിരെ പിന്തുണ ആവശ്യപ്പെടുന്നത്.
ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചൈനയും ലോകവും തമ്മിലുള്ള പോരാട്ടമാണ്. അവർ ലോകത്തിന്റെ മുഴുവൻ വിതരണ ശൃംഖലയ്ക്കും വ്യാവസായിക അടിത്തറയ്ക്കും നേരെ തോക്ക് ചൂണ്ടിയിരിക്കുകയാണ്. അത് അനുവദിക്കില്ല. സ്‌കോട്ട് ബെസ്സെന്റ് പറഞ്ഞു.
ചൈന പ്രകോപനപരമായ നീക്കങ്ങൾ നടത്തുകയും യുദ്ധത്തിന് പണം നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അപൂർവ ധാതുക്കളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അമേരിക്കയ്ക്ക് മാത്രമല്ല, ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഭീഷണിയാണ്. അമേരിക്ക ലോകത്ത് സമാധാനത്തിനായി പ്രയത്‌നിക്കുമ്പോൾ ചൈന യുദ്ധത്തിന് പണം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക കയറ്റുമതി നിയമങ്ങൾ വിപുലീകരിച്ചതിന് പിന്നാലെ ചൈന അപൂർവധാതുക്കളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post