ന്യൂഡൽഹി : ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ് എംകെ1എയുടെ ആദ്യ പറക്കൽ വിജയകരമായി പൂർത്തിയായി. നാസിക്കിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സാന്നിധ്യത്തിൽ ആയിരുന്നു ആദ്യ പറക്കൽ നടത്തിയത്. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎൽ) മൂന്നാം പ്രൊഡക്ഷൻ ലൈനിൽ നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) ആണ് തേജസ് എംകെ1എ.
ആദ്യ പരീക്ഷണ പറക്കലിന് ശേഷം എൽസിഎ തേജസ് എംകെ1എയ്ക്ക് ആചാരപരമായ ജലപീരങ്കി സല്യൂട്ട് നൽകി. മികച്ച റഡാർ ശേഷികളും കൂടുതൽ വിപുലമായ ആയുധ സ്യൂട്ടും ആണ്തേജസ് എംകെ1എയുടെ പ്രധാന സവിശേഷതകൾ. നൂതന ഏവിയോണിക്‌സ്, എഇഎസ്എ റഡാർ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ, എയർ-ടു-എയർ ഇന്ധനം നിറയ്ക്കൽ എന്നീ കഴിവുകളും ഇതിനെ പ്രധാനമാക്കുന്നു.
ഇന്ത്യയുടെ ആധുനിക യുദ്ധവിമാനങ്ങളുടെ പുതിയ യുഗമാണ് ആരംഭിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഈ നേട്ടം ഒരു വ്യാവസായിക നേട്ടം മാത്രമല്ല, നമ്മുടെ യുവാക്കളുടെയും എഞ്ചിനീയർമാരുടെയും ശാസ്ത്രജ്ഞരുടെയും കഠിനാധ്വാനത്തിനും സമർപ്പണത്തിനും സ്വപ്നങ്ങൾക്കും ഉള്ള ഒരു തെളിവ് കൂടിയാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു. നാസിക്കിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ വ്യോമസേനയ്ക്കായി (ഐഎഎഫ്) രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത തദ്ദേശീയമായി നിർമ്മിച്ച അടിസ്ഥാന പരിശീലന വിമാനമായ ഹിന്ദുസ്ഥാൻ ടർബോ ട്രെയിനർ -40 (എച്ച്ടിടി -40) യുടെ രണ്ടാമത്തെ ഉൽപാദന ലൈനിന്റെയും എൽസിഎ എംകെ 1 എയ്ക്കുള്ള എച്ച്‌എഎല്ലിന്റെ മൂന്നാമത്തെ ഉൽപാദന ലൈനിന്റെയും ഉദ്ഘാടനവും പ്രതിരോധ മന്ത്രി നിർവഹിച്ചു.
Discussion about this post