കൂത്തുപറമ്പിൽ വയോധികയുടെ മാല മോഷ്ടിച്ച നഗരസഭ വാർഡ് കൗൺസിലർ പിപി രാജേഷിനെ പുറത്താക്കി സിപിഎം. സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നാലാം വാർഡ് കൗൺസിലറുമാണ് രാജേഷ്. പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കും വിധം പ്രവർത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.
ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്ന ജാനകി(77)യുടെ മാല പൊട്ടിച്ചത്. ഒന്നേകാൽ പവന്റെ മാലയാണ് കവർന്നത്. വീടിനരികെ നിന്നു മീൻ മുറിക്കുന്നതിനിടെ, സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ജാനകിയുടെ കഴുത്തിലെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷ്ണം ജാനകിയുടെ കയ്യിലായി. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാവ് സ്ഥലംവിട്ടിരുന്നു
ആരാണെന്ന് ആർക്കും മനസിലായിരുന്നില്ല. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിയുകയും അതിൽ നിന്നാണ് നാലാം വാർഡ് കൌൺസിലറായ പി പി രാജേഷിലേക്ക് എത്തുകയും ചെയ്തത്. രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് കൂത്തുപറമ്പ് പോലീസ് നൽകുന്ന വിവരം.












