ന്യൂഡൽഹി : ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഇടതു വിദ്യാർത്ഥി സംഘടനയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം അതിരുവിട്ടതിനെ തുടർന്ന് ശക്തമായ നടപടിയുമായി പോലീസ്. ജെഎൻയു വെസ്റ്റ് ഗേറ്റിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിൽ പോലീസിനെ ആക്രമിക്കുകയും പോലീസ് ബാരിക്കേഡുകൾ തകർക്കുകയും ചെയ്തതോടെയാണ് പോലീസിനെ ശക്തമായ നടപടി സ്വീകരിക്കേണ്ടി വന്നത്. 28 ഇടത് വിദ്യാർത്ഥി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
വിദ്യാർത്ഥികളുമായി ഉണ്ടായ സംഘർഷത്തിൽ ആറ് പോലീസുകാർക്ക് പരിക്കേറ്റു. നാല് പുരുഷ പോലീസ് ഉദ്യോഗസ്ഥർക്കും രണ്ട് വനിതാ പോലീസിനും ആണ് പരിക്കേറ്റിട്ടുള്ളത്. വിദ്യാർത്ഥികളെ അനുനയിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടന്നെങ്കിലും അവർ ബാരിക്കേഡുകൾ ബലമായി നീക്കി മുന്നോട്ട് പോകാൻ ശ്രമിച്ചതാണ് സംഘർഷങ്ങൾക്ക് കാരണമായത്. ഇടതു സംഘടനയിലെ വിദ്യാർത്ഥികൾ പോലീസിനെ ആക്രമിക്കുകയും ചെയ്തു.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ 28 വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തതായി ഡൽഹി പോലീസ് വ്യക്തമാക്കി. സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് നിതേഷ് കുമാർ, വൈസ് പ്രസിഡന്റ് മനീഷ, ജനറൽ സെക്രട്ടറി മുൻദിയ ഫാത്തിമ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിന് സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് നിതീഷ് കുമാറിന് ഭരണകൂടം പതിനായിരം രൂപ പിഴ ചുമത്തി. ജെഎൻയു ചീഫ് പ്രോക്ടറുടെ ഓഫീസ് ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
Discussion about this post