ബെംഗളൂരു : ബെംഗളൂരുവിലെ ഓല ഇലക്ട്രിക്സിൽ എഞ്ചിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. ഓല ഇലക്ട്രിക് സ്ഥാപകൻ ഭാവേഷ് അഗർവാളിനും മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കെ അരവിന്ദ് എന്ന 38 വയസ്സുകാരനായ ഹോമോലോഗേഷൻ എഞ്ചിനീയർ സെപ്റ്റംബർ 28നാണ് ആത്മഹത്യ ചെയ്തിരുന്നത്.
ഓല സ്ഥാപകൻ ഭവിഷ് അഗർവാൾ ഉൾപ്പെടെയുള്ള തന്റെ മേലുദ്യോഗസ്ഥർക്കെതിരെ മാനസിക പീഡനവും സാമ്പത്തിക ചൂഷണവും ആരോപിച്ച് 28 പേജുള്ള ഒരു കുറിപ്പ് എഴുതി വച്ചിട്ടാണ് അരവിന്ദ് ആത്മഹത്യ ചെയ്തത്. ജോലിസ്ഥലത്ത് താൻ വലിയ പീഡനവും സമ്മർദ്ദവും നേരിട്ടിരുന്നതായി അരവിന്ദിന്റെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ശമ്പളവും അലവൻസുകളും നിഷേധിച്ചുവെന്നും ഇത് ഒടുവിൽ ആത്മഹത്യയിലേക്ക് നയിച്ചുവെന്നും അരവിന്ദ് ആത്മഹത്യാക്കുറിപ്പിൽ അറിയിച്ചു.
മരണശേഷം അരവിന്ദിന്റെ അക്കൗണ്ടിലേക്ക് 1.7 മില്യൺ ഡോളർ ട്രാൻസ്ഫർ ചെയ്തിട്ടുള്ളതായി കണ്ടെത്തിയെന്ന് അദ്ദേഹത്തിന്റെ കുടുംബവും പോലീസിന് പരാതി നൽകിയിട്ടുണ്ട്. 2022 മുതൽ കോറമംഗലയിലെ ഓല ഇലക്ട്രിക്കിൽ ഹോമോലോഗേഷൻ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു അരവിന്ദ്. സെപ്റ്റംബർ 28 ന് ചിക്കലസാന്ദ്രയിലെ തന്റെ ഫ്ലാറ്റിൽ വെച്ച് അദ്ദേഹം വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
Discussion about this post