ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിച്ചു ; ഹോങ്കോങ്ങിൽ നിന്നും ഡൽഹിയിൽ എത്തിയ ഫ്രാൻസെസ്ക ഒർസിനിയെ നാടുകടത്തി
ന്യൂഡൽഹി : ഹോങ്കോങ്ങിൽ നിന്നും ഡൽഹിയിൽ എത്തിയ യുകെ പ്രൊഫസറും ഹിന്ദി ഭാഷാ ഗവേഷകയും ആയ വനിതക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിച്ചതായി പരാതി. ലണ്ടൻ സർവകലാശാലയിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസുമായി (SOAS) ബന്ധപ്പെട്ട പ്രൊഫസർ ഫ്രാൻസെസ്ക ഒർസിനിയെ ആണ് ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിച്ച് ഡൽഹി വിമാനത്താവളത്തിൽ നിന്നും നാടുകടത്തിയത്. സാധുവായ വിസ കൈവശം വച്ചിട്ടും ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിച്ചതായി ഒർസിനി പരാതി ഉന്നയിച്ചു.
എന്നാൽ വിസ നിയമലംഘനത്തെ തുടർന്നാണ് ഫ്രാൻസെസ്ക ഒർസിനിയെ നാടുകടത്തിയത് എന്നാണ് ഡൽഹി വിമാനത്താവളം അധികൃതർ അറിയിക്കുന്നത്. ഫ്രാൻസെസ്ക ഒർസിനി ടൂറിസ്റ്റ് വിസയിലായിരുന്നുവെന്നും എന്നാൽ വിസ വ്യവസ്ഥകൾ ലംഘിച്ചതിന് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു എന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഹിന്ദി, ഉറുദു സാഹിത്യങ്ങളെ കുറിച്ച് പഠനം നടത്തുന്ന വ്യക്തിയാണ് ഫ്രാൻസെസ്ക ഒർസിനി. ‘ദി ഹിന്ദി പബ്ലിക് സ്ഫിയർ 1920-1940: ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഇൻ ദി ഏജ് ഓഫ് നാഷണലിസം’ എന്ന പുസ്തകത്തിലൂടെയാണ് ഒർസിനി പ്രശസ്തയായത്. 2024 ഒക്ടോബറിലാണ് അവർ അവസാനമായി ഇന്ത്യ സന്ദർശിച്ചിരുന്നത്. വിസ വ്യവസ്ഥകൾ ലംഘിച്ചതിന് 2025 മാർച്ച് മുതൽ അവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഏതെങ്കിലും ഒരു രാജ്യത്ത് ടൂറിസ്റ്റ് വിസയിൽ വന്ന് വിസ നിയമങ്ങൾ ലംഘിച്ചാൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഒരു ആഗോള രീതിയാണ്.
Discussion about this post