ഇസ്താംബൂൾ : തുർക്കിയിലെ ഇൻസിർലിക് വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇറാനിയൻ മിസൈൽ ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ വലിയ രീതിയിൽ സൈറണുകൾ മുഴങ്ങിയതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി അനഡോലു റിപ്പോർട്ട് ചെയ്തു. യുവർ സൈനിക വിന്യാസം ഉള്ള ഒരു പ്രധാന നാറ്റോ കേന്ദ്രമായ വ്യോമത്താവളം ആണിത്. നാറ്റോയ്ക്ക് വേണ്ടി യുഎസ് ആണവ ബോംബുകൾ സ്ഥാപിച്ചിരിക്കുന്നതും ഇൻസിർലിക് വ്യോമതാവളത്തിലാണ്.
തുർക്കി ലക്ഷ്യമാക്കി ഇറാൻ തൊടുത്ത നിരവധി ബാലിസ്റ്റിക് മിസൈലുകൾ നാറ്റോ വ്യോമ പ്രതിരോധ സേന മുമ്പ് വെടിവച്ചിട്ടിരുന്നു. ഇറാനിൽ നിന്നുള്ള മിസൈൽ ഭീഷണികൾ നേരിടാൻ തുർക്കി വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാറ്റോ റഡാർ ബേസിന് സമീപം, യുഎസ് പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം വിന്യസിച്ചിട്ടുണ്ടെന്ന് തുർക്കി ചൊവ്വാഴ്ച അറിയിച്ചിരുന്നു.
തിങ്കളാഴ്ച ഇറാനിൽ നിന്ന് തൊടുത്ത രണ്ടാമത്തെ ബാലിസ്റ്റിക് മിസൈൽ വെടിവച്ചിട്ടതായി നാറ്റോ സേന അറിയിച്ചിരുന്നു. പ്രകോപനപരമായ നടപടികൾ സ്വീകരിക്കരുതെന്ന് തുർക്കി ഇറാന് കർശന മുന്നറിയിപ്പും നൽകി. അതേസമയം അദാനയിലെ കോൺസുലേറ്റ് അടച്ചുപൂട്ടുകയാണെന്നും , എല്ലാ അമേരിക്കൻ പൗരന്മാരും തെക്കുകിഴക്കൻ തുർക്കി വിടണമെന്നും യുഎസ് ആവശ്യപ്പെട്ടു.








