ഭീകരസംഘടനയായ അൽഖ്വയ്ദ നേതാവ് ഒസാമ ബിൻലാദൻ അമേരിക്കൻ സൈന്യം വളഞ്ഞപ്പോൾ രക്ഷപ്പെട്ടത് സ്ത്രീവേഷം കെട്ടിയായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ബിൻലാദൻ അഫ്ഗാനിസ്താനിലെ തോറ ബോറ മലനിരകളിൽ നിന്നാണ് സ്ത്രീവേഷത്തിൽ രക്ഷപ്പെട്ടത്. മുൻ സിഐഎ ഉദ്യോഗസ്ഥൻ ദജോൺ കിരിയാക്കുവിന്റേതാണ് വെളിപ്പെടുത്തൽ.
2001 ഒക്ടോബറിൽ ലാദൻ തോറബോറ മലകളിൽ ഉണ്ടാകുമെന്നായിരുന്നു യുഎസ് വിലയിരുത്തൽ. അന്ന് സൈനിക കമാൻഡറുടെ ദ്വിഭാഷിയുടെ ഇടപെടലാണ് ബിൻലാദനു രക്ഷപ്പെടാൻ വഴിയൊരുക്കിയത്. യുഎസ് സൈന്യത്തിന്റെ ഭാഗമായിരുന്ന പരിഭാഷകൻ, പക്ഷേ അൽഖ്വയ്ദ ഏജന്റായിരുന്നു. ബിൻ ലാദനെയടക്കം വളഞ്ഞ സൈന്യം, മലയിറങ്ങി വന്ന് കീഴടങ്ങാൻ പരിഭാഷകൻ വഴി ആവശ്യപ്പെട്ടു. എന്നാൽ പുലർച്ചെ വരെ സമയം നൽകാമോ എന്ന് പരിഭാഷകൻ വഴി ലാദൻ, സൈന്യത്തോട് അഭ്യർത്ഥിച്ചു. സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കാനാണെന്നും തുടർന്ന് ഇറങ്ങിവന്ന് കീഴടങ്ങാമെന്നുമായിരുന്നു ബിൻലാദന്റെ ഉറപ്പ്. ഇത് അംഗീകരിക്കാൻ പരിഭാഷകൻ ജനറൽ ഫ്രാങ്ക്‌സിനെ പ്രേരിപ്പിച്ചു. അത് അവരുടെ തന്ത്രമായിരുന്നു. ഒടുവിൽ ഇരുട്ടിന്റെ മറവിൽ സ്ത്രീ വേഷം ധരിച്ച് ലാദൻ അന്ന് ഒരു പിക്കപ്പ് ട്രക്കിന്റെ പിന്നിലിരുന്ന് പാകിസ്താനിലേക്ക് രക്ഷപ്പെട്ടുവെന്ന് കിരിയാക്കു വ്യക്തമാക്കി.
2011 മെയ് മാസത്തിൽ വടക്കൻ പാകിസ്താൻ നഗരമായ അബോട്ടാബാദിൽ വെച്ച് ഒസാമ ബിൻ ലാദനെ യു.എസ് പിന്നീട് കണ്ടെത്തിയത്. മെയ് രണ്ടിന് അദ്ദേഹത്തിന്റെ ഭവനത്തിൽ നടത്തിയ റെയ്ഡിനിടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്‌പെഷ്യൽ ഫോഴ്സ് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.












Discussion about this post