ന്യൂഡൽഹി : 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) രണ്ടാം ഘട്ടം ഉടൻ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണം ഇന്ന് രാത്രി 12 മണി മുതൽ ആരംഭിക്കും. പുതിയ വോട്ടർ പട്ടിക ഫെബ്രുവരി 7 ന് പുറത്തിറക്കും.
എസ്‌ഐആർ രണ്ടാം ഘട്ടത്തിൽ ആൻഡമാൻ നിക്കോബാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവ ഉൾപ്പെടും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ന്യൂഡൽഹിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്‌ഐആർ നടപ്പിലാക്കുന്നതിനുള്ള ചട്ടക്കൂട് അന്തിമമാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർമാരുമായി (സിഇഒ) രണ്ട് മീറ്റിംഗുകൾ ഇതിനകം നടത്തിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തുടനീളം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി വോട്ടർ പട്ടികകളിൽ കൃത്യതയും ഉൾപ്പെടുത്തലും ഉറപ്പാക്കുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. 1951 മുതൽ 2004 വരെ എട്ട് തവണ എസ്‌ഐആർ നടത്തിയിട്ടുണ്ട്. അവസാന എസ്‌ഐആർ 21 വർഷങ്ങൾക്ക് മുമ്പ് 2002-2004 ൽ ആണ് നടത്തിയത്. ബീഹാറിലെ എസ്‌ഐആറിന്റെ ആദ്യ ഘട്ടം ഒരു അപ്പീൽ പോലുമില്ലാതെ പൂർത്തിയാക്കിയതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു.









Discussion about this post