തിരുവനന്തപുരം : തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന്റെ ഭാഗമായി കേരളത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇന്ന് ആരംഭിക്കും. കേരളത്തിലെ എസ്ഐആർ നടപടികൾക്ക് ഇന്നലെയായിരുന്നു തുടക്കം കുറിച്ചിരുന്നത്. രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് തുടക്കമിട്ടത്.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടർ പട്ടികയുടെ കൃത്യതയും സുതാര്യതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ നടപ്പിലാക്കുന്നത്. ഇന്നലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ക്ക് നല്‍കിയാണ് കേരളത്തിലെ എസ്ഐആറിന് തുടക്കം കുറിച്ചത്. വോട്ടർപട്ടിക പരിഷ്കരണത്തിനായി ജനങ്ങൾ സഹകരിക്കണമെന്നും യോഗ്യരായ ഒരാളെ പോലും വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നില്ല എന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും ഗവർണർ അറിയിച്ചു.
എസ്‌ഐആറിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ് ഇന്ന് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പട്ടിക വിതരണം ചെയ്യുക. ബിഎല്‍ഒമാര്‍ വിതരണം ചെയ്യുന്ന ഫോം വോട്ടര്‍മാര്‍ 2003 ലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്ത് പേരുകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കണം. പേരുകള്‍ ഉണ്ടെങ്കില്‍ വോട്ടര്‍മാര്‍ മറ്റ് രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ല. ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി 8 വരെയാകും തിരുത്തലിനുള്ള സമയം. തിരുത്തലുകൾക്കും പരിഷ്കരണങ്ങൾക്കും ശേഷം ഫെബ്രുവരി 7ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.









Discussion about this post