ന്യൂഡൽഹി : ഇന്ത്യയിലെ അഞ്ചാമത്തെ പ്ലാന്റ് ഉടൻതന്നെ നിർമ്മിക്കുമെന്ന് മാരുതി സുസുക്കി. അടുത്തിടെയുണ്ടായ ജിഎസ്ടി നിരക്ക് കുറവ് ചെറുകിട കാർ വിൽപ്പനയിൽ വലിയ നേട്ടം ഉണ്ടാക്കിയതോടെയാണ് പുതിയ ഒരു നിർമ്മാണ പ്ലാന്റ് കൂടി സ്ഥാപിക്കാൻ ഒരുങ്ങുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ ആർ സി ഭാർഗവ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 2030-31 ആകുമ്പോഴേക്കും വിറ്റുവരവ് ഇരട്ടിയാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ചെയർമാൻ സൂചിപ്പിച്ചു.
അഞ്ചാമത്തെ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി സംബന്ധിച്ച് കമ്പനി ഒരു തീരുമാനമെടുക്കാൻ പോകുകയാണെന്നും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ടെന്നും ആർ സി ഭാർഗവ വ്യക്തമാക്കി. വാർഷിക ഉൽപ്പാദനം 40 ലക്ഷം യൂണിറ്റായും വിറ്റുവരവ് 1.68 ലക്ഷം കോടി രൂപയാക്കി ഉയർത്തുകയും ആണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.
ജിഎസ്ടി നിരക്ക് കുറച്ചതിനുശേഷം കമ്പനിയുടെ എൻട്രി ലെവൽ ചെറുകാറുകളായ ആൾട്ടോ കെ10, എസ്-പ്രസ്സോ, വാഗൺ ആർ, സെലേറിയോ എന്നിവയുടെ റീട്ടെയിൽ വിൽപ്പന 16.7 ശതമാനത്തിൽ നിന്നും 20.5 ശതമാനമായി വർദ്ധിച്ചതായി മാരുതി സുസുക്കി ഇന്ത്യയുടെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി അറിയിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ ഒരു പ്ലാന്റ് കൂടി മാരുതി സുസുക്കി ഇന്ത്യയിൽ സ്ഥാപിക്കുന്നത്. ഗുജറാത്തിൽ 35,000 കോടി രൂപയുടെ നിക്ഷേപത്തിൽ ആണ് മാരുതി സുസുക്കി പുതിയ പ്ലാന്റ് ആസൂത്രണം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.









Discussion about this post