ബംഗളൂരു : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ഇന്ത്യയിൽ നിന്നുള്ള തങ്ങളുടെ ഏറ്റവും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ്. നവംബർ 2 ഞായറാഴ്ച ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ആണ് സിഎംഎസ്-03 വിക്ഷേപണം നടത്തുക. ഏകദേശം 4,410 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് സിഎംഎസ്-03.
ഇന്ത്യയിൽ നിന്നും ഇതുവരെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് (GTO) വിക്ഷേപിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് സിഎംഎസ്-03. ഐഎസ്ആർഒയുടെ ഏറ്റവും ശക്തമായ റോക്കറ്റായ എൽഎംവി3 റോക്കറ്റ് ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. 4,000 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ GTO യിലേക്കും 8,000 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ ലോ എർത്ത് ഓർബിറ്റിലേക്കും വിക്ഷേപിക്കാൻ കഴിവുള്ള ISRO യുടെ ഹെവി-ലിഫ്റ്റ് ലോഞ്ചറാണ് LVM3 (ലോഞ്ച് വെഹിക്കിൾ മാർക്ക്-3). 43.5 മീറ്റർ ഉയരമുള്ള റോക്കറ്റ് പൂർണ്ണമായും കൂട്ടിച്ചേർക്കുകയും ഉപഗ്രഹവുമായി സംയോജിപ്പിക്കുകയും അന്തിമ പ്രീ-ലോഞ്ച് പരിശോധനകൾക്കായി രണ്ടാമത്തെ വിക്ഷേപണ പാഡിലേക്ക് മാറ്റുകയും ചെയ്തതായി ഐഎസ്ആർഒ അറിയിച്ചു.
സമുദ്ര മേഖലകളിലെ ഡിജിറ്റൽ കവറേജും ആശയവിനിമയ സേവനങ്ങളും ശക്തിപ്പെടുത്തുക എന്നതാണ് സിഎംഎസ്-03 ആശയവിനിമയ ഉപഗ്രഹം ലക്ഷ്യമിടുന്നത്. നവംബർ 2 ന് വൈകുന്നേരം 5:26 ന് ആണ് ഐഎസ്ആർഒ ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടത്തുക. ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹം ജി.എസ്.എ.ടി-11 ആയിരുന്നു. 2018 ഡിസംബർ 5 ന് വിക്ഷേപിച്ച ഈ ഉപഗ്രഹത്തിന്റെ ഭാരം 5,854 കിലോഗ്രാം ആയിരുന്നു. എന്നാൽ ഫ്രഞ്ച് ഗയാനയിലെ കൊറോ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടന്നത്. അതിനാൽ തന്നെ ഇന്ത്യയിൽ നിന്നും ഇതുവരെ വിക്ഷേപിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹം എന്ന ചരിത്ര നേട്ടം സ്വന്തമാക്കുകയാണ് സിഎംഎസ്-03.









Discussion about this post