തിരുവനന്തപുരം : മദ്യത്തിന് ഉടൻ വില കൂട്ടില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന സർക്കാരിന്റെ പ്രധാന നികുതി വരുമാന മാർഗ്ഗങ്ങൾ മദ്യവും പെട്രോളും ആണ്. മദ്യത്തിന് വില കൂട്ടിയാൽ രാസലഹരി വ്യാപനത്തിന് കാരണമാകും. കഴിഞ്ഞ നാലുവർഷമായി സർക്കാർ മദ്യത്തിന്റെ വില വർധിപ്പിച്ചിട്ടില്ല എന്നും ധനമന്ത്രി വ്യക്തമാക്കി. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഈ പരാമർശം.
കേന്ദ്രസർക്കാരിന്റെ വിവിധ നയങ്ങൾ സംസ്ഥാനത്തിന് കനത്ത തിരിച്ചടി നൽകിയതായും കെഎൻ ബാലഗോപാൽ സൂചിപ്പിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പല പരിഷ്‌കാരങ്ങളും കാരണം സംസ്ഥാനങ്ങളുടെ വിഭവസമാഹാരം കുറഞ്ഞു. മുതലാളിത്ത രാജ്യമായ അമേരിക്കയിൽ പോലും സംസ്ഥാനങ്ങളുടെ ധനസമാഹരണത്തിൽ കേന്ദ്രം കൈകടത്തുന്നില്ല, എന്നും സംസ്ഥാന ധനമന്ത്രി വിമർശിച്ചു.
ബിജെപി ഭരണം അല്ലാത്ത സംസ്ഥാനങ്ങളോട് ചിറ്റമ്മ നയമാണ് കേന്ദ്രസർക്കാർ വച്ച് പുലർത്തുന്നത് എന്നും കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. ബിജെപി ഭരണം ഇല്ലാത്ത സംസ്ഥാനങ്ങൾക്ക് ഇപ്പോൾ കേന്ദ്രത്തിന്റെ ഔദാര്യത്തിന് കാത്തു നിൽക്കേണ്ട ഗതികേടാണ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കേരള സർക്കാർ ക്ഷേമ പെൻഷനും ശമ്പളപരിഷ്കരണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കി എന്നും കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു.









Discussion about this post