ന്യൂഡൽഹി : പുതിയൊരു ചരിത്രം കൂടി കുറിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ. ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹം ഐഎസ്ആർഒയുടെ ‘ബാഹുബലി’ റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. എൽവിഎം3-എം5 റോക്കറ്റ് ആണ് ഭാരമേറിയ ഉപഗ്രഹങ്ങൾ പോലും വിക്ഷേപിക്കാനുള്ള കഴിവിനാൽ ‘ബാഹുബലി’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യൻ ഭൂഖണ്ഡം ഉൾപ്പെടെയുള്ള വിശാലമായ സമുദ്രമേഖലയിൽ സേവനങ്ങൾ നൽകുന്ന ഒരു മൾട്ടി-ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹമായ സിഎംഎസ്-03യുടെ വിക്ഷേപണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി.
ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നുമായിരുന്നു ഇതുവരെ ഇന്ത്യയിൽ നിന്നും വിക്ഷേപിച്ചിട്ടുള്ള ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമായ സിഎംഎസ്-3 വിക്ഷേപിച്ചത്. ഇന്ത്യൻ നാവികസേനയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ ഉപഗ്രഹം. ഏകദേശം 4,000 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹമാണ്. സമുദ്ര ആശയവിനിമയം ഗണ്യമായി മെച്ചപ്പെടുത്തുകയും നാവികസേനയ്ക്ക് മെച്ചപ്പെട്ട സമുദ്ര നിരീക്ഷണം നൽകുകയും ചെയ്യുക എന്നതാണ് ഈ ഉപഗ്രഹം ലക്ഷ്യമിടുന്നത്. ഐഎസ്ആർഒയുടെ ഏറ്റവും ശക്തമായ റോക്കറ്റായ എൽഎംവി3 റോക്കറ്റ് ആണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. 4,000 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ GTO യിലേക്കും 8,000 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ ലോ എർത്ത് ഓർബിറ്റിലേക്കും വിക്ഷേപിക്കാൻ കഴിവുള്ള ISRO യുടെ ഹെവി-ലിഫ്റ്റ് ലോഞ്ചറാണ് LVM3 (ലോഞ്ച് വെഹിക്കിൾ മാർക്ക്-3).
കുറഞ്ഞത് 15 വർഷത്തേക്ക് ആശയവിനിമയ സേവനങ്ങൾ നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് സിഎംഎസ്-3 ഉപഗ്രഹം. നിരവധി അതിനൂതനമായ സാങ്കേതിക വിദ്യകൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹം ജി.എസ്.എ.ടി-11 ആയിരുന്നു. 2018 ഡിസംബർ 5 ന് വിക്ഷേപിച്ച ഈ ഉപഗ്രഹത്തിന്റെ ഭാരം 5,854 കിലോഗ്രാം ആയിരുന്നു. എന്നാൽ ഫ്രഞ്ച് ഗയാനയിലെ കൊറോ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടന്നത്. അതിനാൽ തന്നെ ഇന്ത്യയിൽ നിന്നും ഇതുവരെ വിക്ഷേപിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹം എന്ന ചരിത്ര നേട്ടം സ്വന്തമാക്കുകയാണ് സിഎംഎസ്-03.









Discussion about this post