ജന്മനാടിനെ സാക്ഷിയാക്കി ആദ്യമായി വനിതാ ഏകദിന ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യൻ ടീം. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലിൽ 52 റണ്‍സിന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയായിരുന്നു. മഴകാരണം രണ്ടു മണിക്കൂറിലേറെ വൈകിയായിരുന്നു മത്സരം ആരംഭിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ വനിതകൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ 246 റണ്‍സെടുക്കാനെ ഇന്ത്യയുടെ പുലിക്കുട്ടികൾ അനുവദിച്ചുള്ളൂ. അഞ്ച് വിക്കറ്റെടുത്ത ദീപ്തി ശര്‍മയും, രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷഫാലി വര്‍മയും ഇന്ത്യയുടെ വിജയം അനായാസമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ഷെഫാലി വർമ്മ 87 റൺസെടുത്തു . ദീപ്തി ശർമ്മ 58 ഉം സ്മൃതി മന്ഥന 45 ഉം റൺസെടുത്ത് ഷെഫാലിക്ക് പിന്തുണ നൽകി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത ലോറ വോൾവാർട്ട് സെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
അതെ സമയം ലോക കിരീടം നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു










