തിരുവനന്തപുരം : വര്‍ക്കലയിൽ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവത്തിൽ മതിയായ ചികിത്സ നൽകുന്നില്ലെന്ന ആരോപണവുമായി അമ്മ. 19കാരി ശ്രീക്കുട്ടിയെ ആണ് മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തിട്ടത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അമ്മ പ്രിയദര്‍ശിനി ആരോപിച്ചു.
കഴിഞ്ഞ രാത്രി കേരള എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ വച്ചാണ് 19 വയസ്സുകാരിയായ ശ്രീക്കുട്ടി എന്ന സോനയ്ക്ക് നേരെ ക്രൂരമായ അതിക്രമം നടന്നത്. ശുചിമുറി ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ടുണ്ടായ ഒരു വാക്ക് തർക്കത്തെ തുടർന്ന് മദ്യ ലഹരിയിൽ ആയിരുന്ന യാത്രക്കാരൻ ശ്രീക്കുട്ടിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ചവിട്ടി താഴെ ഇടുകയായിരുന്നു. റെയിൽവെ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു.
തലക്കും നട്ടെല്ലിനും പരിക്കേറ്റ ശ്രീക്കുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബഹളം കേട്ട് കംപാര്‍ട്മെന്റിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ തടഞ്ഞുവച്ച പ്രതിയെ പിന്നീട് റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിനെതിരെ വലിയ രീതിയിലുള്ള ജനപ്രതിഷേധമാണ് ഉയരുന്നത്.









Discussion about this post