ഇടുക്കി : മൂന്നാറിൽ മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. ജോലിയിൽ വീഴ്ച വരുത്തിയതിനാണ് പോലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുള്ളത്. മുംബൈ സ്വദേശിയായ ജാൻവി എന്ന യുവതിക്ക് ആണ് ടാക്സി ഡ്രൈവർമാരിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിരുന്നത്.
മൂന്നാർ പൊലീസ് സ്റ്റേഷനിലെ ASI സാജു പൗലോസ്, ഗ്രേഡ് എസ് ഐ ജോർജ് കുര്യൻ എന്നിവർക്കെതിരെയാണ് നടപടി. ഒക്ടോബർ 31 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യൂബർ ടാക്സി ബുക്ക് ചെയ്തതിന്റെ പേരിൽ വിനോദസഞ്ചാരിയായ ജാൻവിയ്ക്ക് നേരെ ഒരു കൂട്ടം ടാക്സി ഡ്രൈവർമാർ ഭീഷണിയുമായി എത്തുകയായിരുന്നു. യുവതി തുടർന്ന് പോലീസിനെ വിവരം അറിയിച്ച് സഹായം തേടിയെങ്കിലും നിലവിൽ നടപടി നേരിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ ടാക്സി ഡ്രൈവർമാർക്ക് ഒപ്പം നിൽക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ മൂന്ന് ടാക്സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുംബൈ സ്വദേശിനിയായ ജാൻവി ബുക്ക് ചെയ്ത യൂബർ ടാക്സിയിൽ സഞ്ചരിക്കാൻ സമ്മതിക്കില്ലെന്നും മൂന്നാറിൽ നിന്ന് തന്നെയുള്ള വാഹനം തന്നെ യാത്രചെയ്യാൻ വിളിക്കണമെന്നും യൂണിയൻ നേതാക്കൾ ഭീഷണി മുഴക്കുകയായിരുന്നു.
പൊലീസുകാർ തനിക്കൊപ്പം നിൽക്കാതെ ടാക്സി ഡ്രൈവർ യൂണിയനിനൊപ്പം നിന്നതായി ജാൻവി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
ജോലിയിൽ കൃത്യവിലോപം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പോലീസുകാർക്കെതിരെ ജില്ലാ പൊലീസ് മേധാവിയുടെ നടപടി.









Discussion about this post