തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പ്രമേഹ രോഗി കൂടിയായിരുന്ന ഇദ്ദേഹം കാലിന് പരിക്കേറ്റ നിലയിലാണ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പനി ബാധിക്കുകയും തുടർന്നുള്ള പരിശോധനയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുകയുമായിരുന്നു.
കഴിഞ്ഞ ഒരു മാസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ കേസിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര കേസുകളുടെ എണ്ണം വലിയ രീതിയിൽ വർദ്ധിക്കുകയാണ്. ഒക്ടോബറിൽ 12 പേരാണ് അമീബിക് മസ്തിഷ്‌കജ്വരം മൂലം മരിച്ചത്. 65 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്ത കേസുകളെക്കാൾ കൂടുതലാണിത്. കഴിഞ്ഞ വർഷം 38 പേർക്ക് ആയിരുന്നു അമീബിക് മസ്തിഷ്കജ്വരം ബാധിച്ചിരുന്നത്. ഈ വർഷം ഇതുവരെ മാത്രം 129 പേർക്കാണ് രോഗം ബാധിച്ചത്.









Discussion about this post