ന്യൂഡൽഹി : ആഴക്കടൽ മത്സ്യബന്ധനത്തിന് പുതിയ നിയമങ്ങളുമായി കേന്ദ്ര സർക്കാർ. സമുദ്രവിഭവങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിനും മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനുമായാണ് കേന്ദ്ര സർക്കാറിന്റെ ഈ സുപ്രധാന നടപടി. ഇന്ത്യൻ ജലാശയങ്ങളിൽ വിദേശ കപ്പലുകൾ മത്സ്യബന്ധനം നടത്തുന്നത് തടയുക എന്നതും പുതിയ മാറ്റങ്ങളുടെ ലക്ഷ്യമാണ്.
മത്സ്യത്തൊഴിലാളികൾ, സഹകരണ സ്ഥാപനങ്ങൾ, ചെറുകിട മത്സ്യത്തൊഴിലാളികൾ എന്നിവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ നിയമങ്ങൾ എന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾക്കും മത്സ്യ കർഷക ഉൽപാദക സംഘടനകൾക്കും (FFPOs) ആഴക്കടൽ മത്സ്യബന്ധനത്തിന് മുൻഗണന നൽകുന്നതാണ് പുതിയ നിയമങ്ങൾ. ഇത്തരം സഹകരണ സംഘങ്ങൾക്കും സംഘടനകൾക്കും ആധുനിക സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ബോട്ടുകൾ ഉപയോഗിക്കാനും കഴിയുന്നതാണ്. പുതിയ നിയമപ്രകാരം മത്സ്യത്തൊഴിലാളികൾക്ക് QR കോഡുകളുള്ള ഫിഷർ ഐഡി കാർഡുകൾ നൽകുന്നതാണ്. ഇത് സുരക്ഷാ ഏജൻസികളെ നിരീക്ഷണത്തിൽ സഹായിക്കും.
സർക്കാർ വിജ്ഞാപനം ചെയ്ത പുതിയ നിയമങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകുന്നു. എൽഇഡി ലൈറ്റ് ഫിഷിംഗ്, പെയർ ട്രോളിംഗ്, ബുൾ ട്രോളിംഗ് തുടങ്ങിയ ദോഷകരമായ രീതികൾ നിരോധിച്ചിട്ടുണ്ട്. വലിയതും മോട്ടോറൈസ് ചെയ്തതുമായ കപ്പലുകൾക്ക് ഇപ്പോൾ EEZ-ൽ മത്സ്യബന്ധനത്തിന് ആക്സസ് പാസ് ലഭിക്കേണ്ടതുണ്ട്. ഈ പാസ് റിയൽക്രാഫ്റ്റ് പോർട്ടൽ വഴി ഓൺലൈനായി സൗജന്യമായി നൽകും. ചെറുകിട, പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഇതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. എല്ലാ ആഴക്കടൽ കപ്പലുകളിലും ട്രാൻസ്‌പോണ്ടറുകൾ സജ്ജീകരിക്കണമെന്ന് പുതിയ നിയമങ്ങൾ അനുശാസിക്കുന്നു.









Discussion about this post