ലണ്ടൻ : ബ്രിട്ടനിലെ പബ്ലിക് ബ്രോഡ്കാസ്റ്റർ ആയ ബിബിസിയുടെ ഉന്നതസ്ഥാനങ്ങളിൽ ഉള്ളവർ രാജിവച്ചു. ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ വിഭാഗം മേധാവി ഡെബോറ ടർണസും ആണ് രാജിവച്ചത്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഡോക്യുമെന്ററി പുറത്തിറക്കിയത് വിവാദമായതോടെ ആണ് ബിബിസിയിലെ ഈ ഉന്നതർക്ക് രാജിവെക്കേണ്ടിവന്നത്.
ട്രംപിന്റെ ഒരു ഡോക്യുമെന്ററിയിലെ പ്രസംഗം എഡിറ്റ് ചെയ്തതിനെത്തുടർന്ന് ആണ് വിവാദം ആരംഭിച്ചിരുന്നത്. 2021 ജനുവരി 6 ന് പ്രതിഷേധക്കാർ വാഷിംഗ്ടണിലെ യുഎസ് ക്യാപിറ്റലിൽ അതിക്രമിച്ചു കയറുന്നതിന് മുമ്പ് ട്രംപ് നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം എഡിറ്റ് ചെയ്തായിരുന്നു ബിബിസിയുടെ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നത്. ട്രംപ് തന്റെ അനുയായികളെ ‘സമാധാനപരമായും ദേശസ്‌നേഹത്തോടെയും’ പ്രകടനം നടത്താൻ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഭാഗം എഡിറ്റ് ചെയ്ത് ഒഴിവാക്കിയാണ് ബിബിസി ഡോക്യുമെന്ററി പുറത്തിറക്കിയത്.
കഴിഞ്ഞ അഞ്ചുവർഷമായി ബിബിസി ഡയറക്ടർ ജനറൽ ആയിരുന്ന ടിം ഡേവിക്കെതിരെ നിരവധി വിവാദങ്ങളുടെയും പക്ഷപാതപരമായ ആരോപണങ്ങളുടെയും പേരിൽ ഏറെ നാളായി വിമർശനങ്ങൾ ഉയർന്നിരുന്നു. ബിബിസി ഇടതുപക്ഷ പ്രചാരണ യന്ത്രമായി മാറി വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് കുറ്റപ്പെടുത്തി.
ടിം ഡേവിയുടെ രാജി ബിബിസിയിൽ മാറ്റത്തിന് വഴിയൊരുക്കുമെന്ന് യുകെയിലെ രാഷ്ട്രീയ നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. യുഎസ് പ്രസിഡണ്ട് ട്രംപ് ടിം ഡേവിയുടെ രാജി തീരുമാനത്തെ സ്വാഗതം ചെയ്തു.









Discussion about this post