ശ്രീനഗർ : ഹരിയാനയിലെ ഫരീദാബാദിൽ നിന്നും വന്‍ സ്ഫോടക ശേഖരം പിടികൂടിയ സംഭവത്തിൽ ഒരു വനിതാ ഡോക്ടർ അറസ്റ്റിൽ. ലഖ്‌നൗ സ്വദേശിനിയായ ഡോ. ഷഹീൻ ഷാഹിദ് ആണ് അറസ്റ്റിലായിരിക്കുന്നത്. ജമ്മുകശ്മീർ പോലീസ് അറസ്റ്റ് ചെയ്ത വനിത ഡോക്ടറെ ചോദ്യം ചെയ്യലിനായി വിമാന മാർഗം ശ്രീനഗറിലേക്ക് കൊണ്ടുവന്നു. ഈ കേസിൽ ഇതുവരെയായി 2,900 കിലോഗ്രാമിലധികം സ്ഫോടകവസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും ആണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്.
ഫരീദാബാദിൽ നിന്നും വന്‍ സ്ഫോടക ശേഖരം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ വൈറ്റ് കോളർ ഭീകര മൊഡ്യൂൾ ആണെന്ന് പോലീസ് വ്യക്തമാക്കി. ഇതുവരെ മൂന്ന് ഡോക്ടർമാർ ആണ് അറസ്റ്റിലായിട്ടുള്ളത്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ ആയ ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം), അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് (എജിയുഎച്ച്) എന്നിവയ്ക്ക് വേണ്ടിയാണ് ഈ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം പ്രവർത്തിച്ചിരുന്നത്. പാകിസ്താനിലെ തങ്ങളുടെ ഹാൻഡ്‌ലറുകളുമായി ആശയവിനിമയം നടത്താൻ തീവ്രവാദികൾ എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ ചാനലുകൾ ഉപയോഗിക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ പിന്നീട് ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾ പ്രകാരം, തീവ്രവാദികളായ പ്രൊഫഷണലുകളും വിദ്യാർത്ഥികളും ഉൾപ്പെടുന്ന സംഘമാണ് ഈ ഭീകര ശൃംഖലയിൽ ഉള്ളത്. സാമൂഹിക, ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ പ്രൊഫഷണൽ, അക്കാദമിക് ശൃംഖലകൾ വഴിയാണ് ഇവർ ഫണ്ട് സ്വരൂപിക്കുന്നത്. തീവ്രവാദ സംഘടനകൾക്കായി പുതിയ അംഗങ്ങളെ കണ്ടെത്തൽ, ആശയങ്ങൾ പ്രചരിപ്പിക്കൽ , റിക്രൂട്ട് ചെയ്യൽ തുടങ്ങിയ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.









Discussion about this post