എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ്ഓഫ് ചടങ്ങിന് പിന്നാലെ വിദ്യാർത്ഥികൾ ട്രെയിനിലിരുന്ന് ദേശഭക്തിഗാനം പാടിയ സംഭവം അത്യന്തം ഗൗരവമേറിയതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശനിയാഴ്ച എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിലാണ് എറണാകുളത്തെ സരസ്വതി വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥികൾ ഗണഗീതം പാടിയത്. ഈ റിപ്പോർട്ടുകൾ ഞെട്ടലുളവാക്കുന്നതാണെന്ന് മന്ത്രി പറയുന്നു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്ത് നൽകുകയും ഉന്നതതല അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വി ശിവൻകുട്ടിയുടെ കുറിപ്പിൻ്റെ പൂർണരൂപം
നവംബർ 8-ന് നടന്ന എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിൽ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികളെക്കൊണ്ട് RSS ‘ഗണഗീതം’ ആലപിപ്പിച്ചത് അത്യന്തം ഗൗരവമേറിയതും ഭരണഘടനാപരമായ മതേതര തത്വങ്ങളുടെ കടുത്ത ലംഘനവുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതേതര സ്വഭാവം തകർക്കുന്ന ഇത്തരം നടപടികളെ ശക്തമായി അപലപിക്കുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധർമ്മേന്ദ്ര പ്രധാന് കത്ത് നൽകുകയും ഉന്നതതല അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ്.









Discussion about this post