രാജ്യത്തെ പുതിയ ഭരണഘടനാ ഭേദഗതിയ്ക്ക് പാകിസ്താൻ പാർലമെന്റ് അംഗീാരം നൽകി. ബുധനാഴ്ചയാണ് പാർലമെന്റ് 27ാം ഭരണഘടനാ ഭേദഗതി പാസാക്കിയത്. രാജ്യത്തെ സൈനികമേധാവിയുടെ അധികാരങ്ങൾ വർദ്ധിപ്പിക്കുന്നതും സുപ്രീംകോടതിയുടെ അധികാരപരിധി നിയന്ത്രിക്കുന്നതുമാണ് പുതിയ ഭേദഗതി. ചെറിയ മാറ്റങ്ങൾക്കായി, തിങ്കളാഴ്ച ബിൽ പാസാക്കിയ സെനറ്റിലേക്ക് ഇത് തിരിച്ചയക്കും. അതിനുശേഷം പ്രസിഡന്റ് ആസിഫ് അലി സർദാരി ഒപ്പുവെക്കുന്നതോടെ ഭേദഗഗതി ഭരണഘടനയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തും.
പുതിയ ഭേദഗതിയുടെ ഭാഗമായി കരസേനാ മേധാവി അസിം മുനീറിനെ ‘ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ്’ എന്ന പുതിയ പദവിയിലേക്ക് ഉയർത്തും. ഇതോടെ അദ്ദേഹം നാവികസേനയുടെയും വ്യോമസേനയുടെയും കമാൻഡ് ഔദ്യോഗികമായി ഏറ്റെടുക്കും. കാലാവധി പൂർത്തിയായാലും അദ്ദേഹത്തിന് തന്റെ പദവി നിലനിർത്തുകയും ആജീവനാന്ത നിയമപരിരക്ഷ നേടുകയും ചെയ്യാം. ക്രിമിനൽ വിചാരണയിൽ നിന്ന് അസിം മുനീറിന് ആജീവനാന്ത സംരക്ഷണം ലഭിക്കും. പ്രസിഡന്റിന് സമാനമായ ഭരണഘടനാപരമായ അവകാശങ്ങളോടെയാണ് സിഡിഎഫ് പ്രവർത്തിക്കുക. ഇംപീച്ച്‌മെന്റിന് സമാനമായ ഒരു പാർലമെന്ററി നടപടികളിലൂടെ മാത്രമേ സംയുക്ത സേനാമേധാവിയെ നീക്കം ചെയ്യാൻ കഴിയൂ എന്നതാണ് മറ്റൊരു പ്രത്യേകത.
ഭേദഗതി പ്രകാരം സുപ്രീം കോടതിക്ക് മുകളിൽ ഒരു പുതിയ ഫെഡറൽ ഭരണഘടനാ കോടതി സ്ഥാപിക്കും. ഇവിടേക്കുള്ള ജഡ്ജിമാരെ എക്സിക്യൂട്ടീവ് തിരഞ്ഞെടുക്കും. ജഡ്ജിമാരെ എവിടെ, എങ്ങനെ സ്ഥലം മാറ്റണം എന്നുള്ള തീരുമാനം പ്രസിഡന്റിന് മാത്രമായിരിക്കും. ഇത് എല്ലാത്തരത്തിലുമുള്ള ഉത്തരവാദിത്ത പ്രക്രിയകളെയും ഇല്ലാതാക്കുന്നു.
ഈ നിയമനിർമാണം സൈനിക ഭരണം ഉറപ്പിക്കാനും പാകിസ്താനെ പൂർണമായ ഏകാധിപത്യത്തിലേക്ക് തള്ളിവിടാനും മാത്രമേ സഹായിക്കൂ എന്ന് പ്രതിപക്ഷം ആരോപിച്ചു.









Discussion about this post