ബീഹാറിൽ സ്ത്രീകൾ മാത്രം താമസിക്കുന്ന ഒരു ഗ്രാമമുണ്ടെന്ന് പറഞ്ഞാൽ അത്രപെട്ടെന്ന് ആരും അത് വിശ്വസിച്ചെന്ന് വരില്ല. എന്നാൽ അത് വാസ്തവമാണ്. ജെഹനാബാദ് ജില്ലയിലെ നസ്രത്ത് ഗ്രാമത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. പട്നയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
വിവാഹശേഷം പുരുഷന്മാർ ജോലി തേടി നഗരങ്ങളിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ കുടിയേറുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഛത്ത് ഉത്സവത്തിലോ മറ്റ് പ്രത്യേക അവസരങ്ങളിലോ മാത്രമാണ് അവർ കുടുംബങ്ങളെ സന്ദർശിക്കാൻ മടങ്ങുന്നത്. ഇക്കാരണത്താൽ, ഗ്രാമത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും സ്ത്രീകളുടെ ചുമലിലാണ്.
ഭർത്താക്കന്മാർ അയയ്ക്കുന്ന പണം കൊണ്ടാണ് നസ്രത്ത് ഗ്രാമത്തിലെ സ്ത്രീകൾ ചെലവുകൾ കണ്ടെത്തുന്നത്.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പലപ്പോഴും അത് പര്യാപ്തമല്ല. ഗ്രാമത്തിലെ ഒരേയൊരു പലചരക്ക് കടയിൽ മിക്കവാറും എല്ലാ സ്ത്രീകൾക്കും ക്രെഡിറ്റ് അക്കൗണ്ട് ഉണ്ട്. വീട്ടിലെ പല ആവശ്യങ്ങൾക്കുമായി സ്ത്രീകൾ പലപ്പോഴും കടയുടമയിൽ നിന്ന് തന്നെ പണം കടം വാങ്ങും. പിന്നീട് ക്രമേണയായി അവർ അത് തിരിച്ചടയ്ക്കുകയും ചെയ്യും.
പ്രധാനമായും കൃഷിയെ ആശ്രയിച്ചാണ് ഗ്രാമത്തിൻറെ സമ്പദ്‌വ്യവസ്ഥ . സ്ത്രീകൾ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വയലിൽ പണിയെടുക്കുന്നവരാണ്. ഒരു ദിവസം മുഴുവൻ പണിയെടുത്താലും ദിവസക്കൂലിയായി നൂറു രൂപ മാത്രമാണ് വരുമാനം. വീട്ടുകാരെയും കുട്ടികളെയും പ്രായമായവരെയും എല്ലാം നല്ല രീതിയിൽ പരിപാലിക്കുന്ന ഒരു കുടുംബവ്യവസ്ഥയും ഇവിടെയുണ്ട്.
ഗ്രാമത്തിലെ പല സ്ത്രീകളും കടബാധ്യതയിലാണ്. പെൺമക്കളുടെ വിവാഹത്തിനോ, കന്നുകാലികളെ വാങ്ങുന്നതിനോ, കൃഷിക്കോ വേണ്ടി അവർ മൈക്രോഫിനാൻസ് കമ്പനികളിൽ നിന്ന് കടം വാങ്ങിയിട്ടുണ്ട്. രോഗങ്ങളും അടിയന്തര സാഹചര്യങ്ങളുമാണ് പല സ്ത്രീകളെയും കടം വാങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. മിക്ക വീടുകളിലും ഇപ്പോഴും കടബാധ്യതയുണ്ട്, അതിന്റെ ഉത്തരവാദിത്തം സ്ത്രീകളുടെ മേൽ മാത്രമാണ്. പ്രയാസമേറിയ ജീവിത സാഹചര്യങ്ങൾക്കു പുറമെ, ഭർത്താക്കന്മാർ ഒരിക്കലും തിരിച്ചുവന്നില്ലെങ്കിൽ എന്ന ആശങ്കയും സ്ത്രീകളെ ഭയപ്പെടുന്നു.
ഗ്രാമങ്ങളിൽ വ്യവസായങ്ങളും ഫാക്ടറികളും സ്ഥാപിക്കാൻ സർക്കാർ തയ്യാറായാൽ അവരുടെ ഭർത്താക്കന്മാർക്ക് ജോലിക്ക് വീട് വിട്ട് പോകേണ്ടിവരില്ലെന്നാണ് ഈ സ്ത്രീകൾ ആവശ്യപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനായി ബീഹാർ സർക്കാർ നിരവധി സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗ്രാമങ്ങളിൽ ഇപ്പോഴും സുസ്ഥിരമായ തൊഴിലവസരങ്ങളില്ല എന്നതാണ് യാഥാർത്ഥ്യം.









Discussion about this post