ഗുരുവായൂർ ദേവസ്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായ മോശം അനുഭവം വിവരിച്ച് പ്രശസ്ത കർണാടക സംഗീതജ്ഞനും മദ്രാസ് മ്യൂസിക് അക്കാദമി ഫാക്വൽറ്റി അംഗവുമായ ഡോ. ചേർത്തല രംഗനാഥ ശർമ്മ. ഗുരുവായൂരിൽ നടക്കാനിരിക്കുന്ന ചെമ്പൈ സംഗീതോത്സവത്തിൽ നിന്നും തന്നെ ഒഴിവാക്കിയതായി രംഗനാഥ ശർമ്മ ഒരു സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു. നേരത്തെ ചെമ്പൈ സംഗീത പുരസ്കാരം നിർണയിക്കുന്നതിനുള്ള സമിതിയിൽ അംഗമായിരുന്നു ചേർത്തല രംഗനാഥ ശർമ്മ. ഈ പുരസ്കാര നിർണയത്തിൽ ഒരു ഇടത് സഹയാത്രികനായ സംഗീതജ്ഞന് പുരസ്കാരം നൽകാനുള്ള കമ്മിറ്റിയുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വഴങ്ങാതിരുന്നതിന്റെ പ്രതികാരമാണ് ഗുരുവായൂർ ദേവസ്വം ഇപ്പോൾ നടത്തിയത് എന്നും ചേർത്തല രംഗനാഥ ശർമ വ്യക്തമാക്കി.
കർണാടക സംഗീതജ്ഞൻ ചേർത്തല രംഗനാഥ ശർമ്മ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പോസ്റ്റ്,
അപ്രതീക്ഷിതമായി ഇന്നലെ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് ഒരു വിളി. നവംബർ 29നു രാത്രി 8.15 നു fix ചെയ്തിരുന്ന റിലേ പ്രോഗ്രാമിൽ നിന്നും 30th നു രാവിലെ പഞ്ചരത്നം കീർത്തന ആലാപനത്തിൽ നിന്നും താങ്കളെ മാറ്റിയിരിക്കുന്നു.!!!!
എന്നെ റിലേ പ്രോഗ്രാമിനും പഞ്ചരത്ന കീർത്തനലാപനത്തിനുമായി കഴിഞ്ഞ പല വര്ഷങ്ങളായി ക്ഷണിക്കുന്നത് പ്രോഗ്രാം സബ് കമ്മിറ്റി അംഗങ്ങളായ മൃദങ്ക വിദ്വാൻ ശ്രീ വൈക്കം വേണുഗോപാൽ അവർകളും വയലിൻ വിദ്വാൻ ശ്രീ തിരുവിഴ ശിവാനന്ദൻ അവർകളുമാണ്.
ഗുരുവായൂർ ദേവസ്വത്തിൽ നിന്നുള്ള ഫോൺ വിളിയെക്കുറിച്ചറിയാൻ ഞാൻ എന്നെ ക്ഷണിച്ച രണ്ടു പേരെയും കോൺടാക്ട് ചെയ്യുവാൻ ശ്രമിച്ചു. ശ്രീ വേണു സർനെ കിട്ടി. സംഭവിച്ചത് തികച്ചും ഞങ്ങളുടെ അറിവോടെ അല്ലെന്നും, വളരെ വിഷമമായിപ്പോയി ഇങ്ങനെ സംഭവിച്ചു പോയതിൽ എന്നുമുള്ള റെസ്പോൺസ് ആണ് ലഭിച്ചത്. ആയതിനാൽ ദേവസ്വത്തിന്റെ സ്വന്തം തീരുമാനമായിരുന്നു ഇത് എന്ന് വേണം കരുതുവാൻ.
നൂറു കണക്കിന് കലാകാരന്മാരിൽ നിന്നും എന്നെ മാത്രം തപ്പി പിടിച്ചു നീക്കം ചെയ്യുവാൻ ദേവസ്വം തീരുമാനിച്ചതിന്റെ പിന്നിലെ ചേതോവികാരം എന്തായിരിക്കാം?അതിനും മാത്രം ഞാൻ ദേവസ്വത്തിനോട് ഒരു നെറികേടും കാട്ടിയിട്ടില്ലല്ലോ എന്നായി എന്റെ ചിന്ത.!!!
അപ്പോഴാണ് അടുത്തയിടെ Chembai പുരസ്കാര സമിതിയുടെ അവാർഡ് നിർണയ കമ്മിറ്റിയുടെ ജൂറി അംഗമായി ഞാൻ പങ്കെടുത്തത് ഓർമയിലെത്തിയത്.
കർണാടക സംഗീത മേഖലയിൽ തങ്ങളുടെ ജീവിതം തന്നെ സമർപ്പിച്ചു കൊണ്ട് ഒട്ടനവധി സംഭാവനകൾ ചെയ്തിട്ടുള്ള സംഗീതജ്ഞരെ CHEMBAI പുരസ്കാരം നൽകി ആദരിച്ചിട്ടുള്ള പാരമ്പര്യമാണ് ഗുരുവായൂരിനുള്ളത്.
സംഗീത വിദ്വാന്മാർ ശ്രീ വേലുക്കുട്ടി നായർ,(മൃദഗം), ശ്രീമതി പാറശ്ശാല പൊന്നമ്മാൾ (Vocal), ശ്രീ അനന്തപദ്മനാഭൻ, (veena), ശ്രീ K G ജയൻ, (Vocal), ശ്രീ മങ്ങാട് നടേശൻ,( Vocal), Dr K. ഓമനക്കുട്ടി (Vocal), ശ്രീ പാലാ C. K. രാമചന്ദ്രൻ (Vocal), ശ്രീ Mannur Rajakumaran Unni (Vocal), ശ്രീ തിരുവിഴ ജയശങ്കർ (നാദസ്വരം), തിരുവനന്തപുരം ശ്രീ സുരേന്ദ്രൻ (mrudangam) തുടങ്ങിയവർ കേരളത്തിൽ നിന്നും ബഹുമാനിക്കപ്പെട്ട പുരസ്‍കാര ജേതാക്കളാണ്.
ഇത്തവണ എന്നെയും സംഗീത വിദ്വാൻ ശ്രീ സദനം ഹരികുമാറിനെയും പുരസ്‍കാര നിർണയ കമ്മിറ്റി അംഗങ്ങളായി ക്ഷണിച്ചപ്പോൾതന്നെ തികച്ചും ആദരിക്കപ്പെടേണ്ടതായ ചില കലാകാരന്മാരുടെ പേരുകൾ ഒരുമിച്ചു present ചെയ്യുവാൻ ഞങ്ങൾ മനസ്സിൽ കുറിച്ചിട്ടിരുന്നു.
മുതിർന്ന ബഹുമാന്യ സംഗീതജ്ഞനും മഹാ ഗുരുവുമായ ശ്രീ Nedumangad Sivanandan നെടുമങ്ങാട് ശിവാനന്ദൻ സർ ആയിരുന്നു ഞങ്ങളുടെ ആദ്യ ചോയ്സ്. പക്ഷെ കഴിഞ്ഞ വർഷത്തെ പുരസ്‌കാരം വയലിനായതിനാൾ ഇത്തവണ പരിഗണിക്കാൻ നിർവാഹമില്ല എന്ന കമ്മറ്റിയുടെ തീരുമാനത്തിന് മുന്നിൽ ഞങ്ങൾക്ക് വഴങ്ങേണ്ടി വന്നു. വരും വർഷങ്ങളിലെങ്കിലും എത്രയും വേഗം തന്നെ ശ്രീ ശിവാനന്ദൻ സർനെ ബഹുമാനിക്കുവാൻ മറക്കരുതേ എന്ന് കമ്മിറ്റിയുടെ മുമ്പായി ഒരപേക്ഷ വാക്കാൽ സമർപ്പിച്ചു…..
പിന്നീട് ഇന്ന് കേരളത്തിൽ നിന്നും പരിഗണിക്കപ്പെടേണ്ട മുതിർന്ന സംഗീതജ്ഞരെ ക്കുറിച്ചായി ഞങ്ങളുടെ പിന്നീടുള്ള ആലോചന.
ശ്രീമതി പാൽക്കുളങ്ങര അംബികദേവി ടീച്ചർ, (vocal) ശ്രീ കുമാരകേരള വർമ്മ സർ, (Vocal) ശ്രീ Parassala Ravi സർ ( Mrudangam), തുടങ്ങിയവരാണ് ഞങ്ങളുടെ മനസ്സിൽ അടുത്തതായി എത്തിയത്. ഈ മഹാ വിദ്വാൻമാരെല്ലാവരും തന്നെ എത്ര മാത്രം സംഗീത സംഭാവനകൾ ചെയ്തിട്ടുള്ളവരെണെന്നതു കേരളത്തിലെ സംഗീത ലോകത്തിനു പകൽ പോലെ വ്യക്തമാണ്. ഇത്തവണ വോക്കലിനാവണം എന്നായി കമ്മറ്റിയുടെ നെക്സ്റ്റ് ഓപ്ഷൻ.
തികച്ചും അപ്രതീക്ഷിതമായി, ഞങ്ങൾ suggest ചെയ്ത സംഗീതജ്ഞരെ ഒന്നും കണക്കിലെടുക്കാതെ പ്രായത്തിൽ താരതമ്യേന ചെറുപ്പമായ ഒരു മ്യൂസിഷ്യനു വേണ്ടിയുള്ള സമ്മർദം കമ്മിറ്റിയുടെ ഭാഗത്തു നിന്നുമുണ്ടാവാൻ തുടങ്ങി. . മേൽപ്പറഞ്ഞ മുതിർന്ന കലാകാരന്മാരുടെ സംഗീത സംഭവനകളോട് താരതമ്യപെടുത്തുവാൻ പോലുമാവാത്ത ഒരു ‘പേരി’ൽ മാത്രം കമ്മിറ്റി ചെയർമാൻ ഉറച്ചു നിൽക്കുന്ന പ്രവണത കണ്ടപ്പോൾ… – അന്ധമായി തലയാട്ടുവാൻ ഞങ്ങളുടെ മനസാക്ഷി അനുവദിച്ചില്ല.
സമ്മർദ്ദം കൂടിക്കൂടി വന്നപ്പോൾ മനസ്സിലായി…. ഇതൊരു രാഷ്ട്രീയ കൈ കടത്തൽ ആണെന്ന്.
മേൽപ്പറഞ തികച്ചും
ബഹുമാണിക്കപ്പെടേണ്ടതായ മുതിർന്ന സംഗീത വിദ്വാൻമാരെ കുറിച്ച് യാതൊരു അറിവുമില്ലാത്തവർ, പൊളിറ്റിക്കൽ പ്രഷർന്റെ ബലത്തിൽ, ഞങ്ങളെ നോക്കു കുത്തികളാക്കിക്കൊണ്ട്, അവർക്കു വേണ്ടതായ ഒരു തീരുമാനമെടുക്കുവാൻ പ്രേരിപ്പിക്കുന്ന സാഹചര്യം ഉടലെടുത്തപ്പോൾ ഒരു ഘട്ടത്തിൽ കമ്മിറ്റിയിൽ നിന്നും പിൻ മാറുവാൻ പോലും ഞാൻ തയ്യാറായി.
ഞങ്ങളുടെ അഭിപ്രായത്തിൽ തന്നെ ഞാനും ശ്രീ ഹരികുമാറും ഉറച്ചു നിന്നു. ഇത്തവണ വോക്കൽ ആവണമെന്ന് നിർബന്ധമാണെങ്കിൽ അതിനാദ്യം പരിഗണിക്കാപെടേണ്ട വ്യക്തികൾ ശ്രീമതി അംബികദേവി ടീച്ചർ, ശ്രീ കുമാര കേരളവർമ സാർ ഇവരിലൊരാളായിരിക്കണം. തീരുമാനം മറ്റൊന്നാണെങ്കിൽ ഞാൻ പിന്മാറുന്നു.
അവരുടെ പൊളിറ്റിക്കൽ അജണ്ട എന്ന പരിപ്പ് വേവില്ല എന്നായപ്പോൾ തീരുമാനമായി. ശ്രീമതി പാൽക്കുളങ്ങര അംബികദേവി ടീച്ചർ ഈ വർഷത്തെ പുരസ്കാര ജേതാവ്.
ശ്രീ ഗുരുവായൂരപ്പൻ കാത്തു. നല്ല ഒരു തീരുമാനത്തിന് ഭാഗഭാക്കാവാൻ ശ്രീ ഗുരുവായൂരപ്പൻ അനുഗ്രച്ചുവല്ലോ എന്ന സന്തോഷത്തോടെ ദേവസ്വം തന്ന പ്രസാദവും മൂവായിരം രൂപ യാത്ര ചെലവും വാങ്ങി മദ്രാസിലേക്ക് വണ്ടി കയറി.
പക്ഷെ ഇന്നലെ രാത്രി ദേവസ്വം ഓഫീസിൽ നിന്നും വിളി വന്നപ്പോൾ മനസ്സിലായി. ദേവസ്വത്തിന്റെ പ്രത്യേക സന്തോഷവും നന്ദിയുമാണ് ഈ ഫോൺ വിളിയോടെ എന്നെ തേടിയെത്തിയത് എന്ന്.
ഇപ്പോഴും ഒരു സംശയം ബാക്കി. ഫെസ്റ്റിവൽ Organisers ആയ sub-committee യുടെ അറിവും സമ്മതവുമില്ലാതെ ഇങ്ങനെയൊരു തിരിമറി നടക്കുമോ? ആവോ!
ഏതായാലും ഒട്ടും വിഷമമില്ല. ഗുരുവായൂരപ്പൻ എന്നെ തഴയില്ല. വരും വർഷങ്ങളിലും ഏകാദശി ഉത്സവമുണ്ടാവും. ഞാൻ വന്നു പാടും….









Discussion about this post