ഇന്ത്യയിൽ വലിയൊരു ഭീകരാക്രമണത്തിന് പാകിസ്താൻ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി വിവരം. സ്ത്രീകളുടെ നേതൃത്വത്തിലാണ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്.
ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താൻ ജെയ്ഷെ മുഹമ്മദ് ഒരു ‘ഫിദായീൻ’ അഥവാ ചാവേർ സംഘത്തെ തയ്യാറാക്കുകയും അതിനായി പണം സമാഹരിക്കുകയും ചെയ്യുന്നുണ്ട്. സാദാപേ’ എന്ന പാക് ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള ഡിജിറ്റൽ മാർഗങ്ങളിലൂടെ പണം സമാഹരിക്കാൻ ഭീകരസംഘടന നേതാക്കൾ നിർദേശം നൽകിയിരുന്നതായാണ് വിവരം. ജെയ്ഷെ മുഹമ്മദിന്റെ’ജമാതുൽ-മുമിനാത്’ എന്ന വനിതാ വിഭാഗം ഭീകരരാണ് ആക്രമണം നടത്തുക.
ഒരു ‘മുജാഹിദിന്’ ശൈത്യകാല കിറ്റ് നൽകുന്ന ഏതൊരാളും ഒരു ‘ജിഹാദി’യായി കണക്കാക്കപ്പെടുമെന്ന് സംഭാവനയ്ക്കായി ആഹ്വാനം ചെയ്ത ജെയ്ഷ് നേതാക്കൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്. 20,000 പാകിസ്താൻ രൂപയാണ് (ഏകദേശം 6,400 ഇന്ത്യൻ രൂപ) സംഭാവനയായി ആവശ്യപ്പെടുന്നത്. ഷൂസ്, കമ്പിളി സോക്‌സുകൾ, കിടക്ക, ടെന്റ് തുടങ്ങി, ഒരു ആക്രമണത്തിന് മുമ്പോ ശേഷമോ ഭീകരർക്ക് ആവശ്യമായേക്കാവുന്ന സാധനങ്ങൾ വാങ്ങാനാണ് ഈ പണം ഉപയോഗിക്കുക.
‘ഓപ്പറേഷൻ സിന്ദൂർ’ ബഹാവൽപുരിലെ ജെയ്ഷെ മുഹമ്മദ് ക്യാമ്പുകൾ നശിപ്പിച്ചതിന് പിന്നാലെയാണ് ഭീകരസംഘടന വനിതാ വിഭാഗം സ്ഥാപിച്ചത്. മസൂദ് അസ്ഹറിന്റെ സഹോദരി സാദിയയാണ് യൂണിറ്റിന് നേതൃത്വം നൽകുന്നത്. റെഡ് ഫോർട്ട് സ്‌ഫോടനത്തിലെ പ്രധാന പ്രതികളിലൊരാളായ, ഡോ. ഷാഹിന സയീദ് ഈ യൂണിറ്റിലെ അംഗമാണെന്ന് റിപ്പോർട്ടുണ്ട്. ‘മാഡം സർജൻ’ എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന ഇവർ, ആക്രമണത്തിന് സാമ്പത്തിക സഹായം നൽകിയതിന് പിന്നിൽ പ്രവർത്തിച്ചതായും കരുതപ്പെടുന്നു.









Discussion about this post