ന്യൂഡൽഹി : ഡൽഹി സ്ഫോടനത്തിനുശേഷം കശ്മീരികളെ എല്ലാവരും സംശയത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. നിലവിൽ ഡൽഹിയിലുള്ള ഒമർ അബ്ദുള്ള, തനിക്ക് കശ്മീർ രജിസ്ട്രേഷൻ കാറിൽ പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്നും സൂചിപ്പിച്ചു. എല്ലാ കശ്മീരികളെയും തീവ്രവാദികളെ പോലെയാണ് ഇവിടെയുള്ളവർ നോക്കിക്കാണുന്നത്. ജമ്മുകശ്മീരിന് പുറത്ത് എല്ലാ സംസ്ഥാനങ്ങളിലും തങ്ങൾ സംശയിക്കപ്പെടുകയാണെന്നും ഒമർ അബ്ദുള്ള സൂചിപ്പിച്ചു.
“ഡൽഹി സ്ഫോടനത്തിനുശേഷം ജമ്മുകശ്മീരിൽ നിന്നുള്ള 500ലധികം പേരെ സുരക്ഷാസേനകൾ ചോദ്യം ചെയ്തിട്ടുണ്ട്. എല്ലാ കശ്മീരികളും തീവ്രവാദികൾ അല്ല. കുറച്ച് ആളുകൾ ഇത്തരം കാര്യങ്ങൾക്ക് ഉത്തരവാദികളായത് കൊണ്ട് എല്ലാവരെയും അതേ കണ്ണുകളാൽ കാണുന്നത് കാണുന്നത് ശരിയല്ല. ജമ്മു കശ്മീർ രജിസ്ട്രേഷൻ ഉള്ള എന്റെ വാഹനം രാജ്യ തലസ്ഥാനത്ത് വെച്ച് പുറത്തെടുക്കുന്നതിന് മുമ്പ് രണ്ടുതവണ ആലോചിക്കേണ്ടി വരുന്നു” എന്നും ഒമർ അബ്ദുള്ള അഭിപ്രായപ്പെട്ടു.
ജമ്മു കശ്മീരിലെ മുഴുവൻ ജനങ്ങൾക്കും ഇപ്പോൾ പുറത്ത് യാത്ര ചെയ്യുന്നതിൽ ആശങ്കയുണ്ട്. മാതാപിതാക്കൾ അവരുടെ മക്കളെ മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കാൻ ഭയപ്പെടുന്നു. എല്ലാ വശങ്ങളിൽ നിന്നും സംശയാസ്പദമായ കണ്ണുകളോടെയാണ് ആളുകൾ ഞങ്ങളെ നോക്കുന്നത്. മറ്റൊരാൾ ചെയ്തതിന് നമ്മെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ, കുറച്ച് ആളുകൾ ചെയ്തതിന്റെ പരിധിയിലേക്ക് എല്ലാവരെയും കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ ഞങ്ങൾ പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്” എന്നും ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു.









Discussion about this post