ന്യൂഡൽഹി : അഫ്ഗാനിസ്ഥാന്റെ വാണിജ്യ വ്യവസായ മന്ത്രി നൂറുദ്ദീൻ അസീസി അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തി. കഴിഞ്ഞ ഒക്ടോബറിൽ താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ ന്യൂഡൽഹി സന്ദർശനത്തിന് ആഴ്ചകൾക്ക് ശേഷമാണ് അസീസിയുടെ ഇന്ത്യാ പര്യടനം. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തതിനുശേഷം ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ ഉന്നതതല പര്യടനമാണിത്.
ഇന്ത്യ-അഫ്ഗാനിസ്ഥാൻ വ്യാപാര ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് നൂറുദ്ദീൻ അസീസിയുടെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന 44-ാമത് അന്താരാഷ്ട്ര വ്യാപാര മേള അദ്ദേഹം സന്ദർശിച്ചു. നവംബർ 27 വരെ നീണ്ടുനിൽക്കുന്ന മേളയിൽ പന്ത്രണ്ട് രാജ്യങ്ങളും 30 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പങ്കെടുക്കുന്നുണ്ട്. വ്യാപാര പ്രദർശനങ്ങളോടൊപ്പം ആധുനിക ആയുധങ്ങളും പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകളുടെ കഴിവുകളും പ്രദർശിപ്പിക്കുന്ന ഒരു പ്രതിരോധ പവലിയനും ഈ പ്രദർശനത്തിൽ ഉൾപ്പെടുന്നുണ്ട്.
ഇന്ത്യയിലെ അഫ്ഗാൻ ബിസിനസുകാരുമായി വിപണി സാധ്യതകളെക്കുറിച്ച് അഫ്ഗാനിസ്ഥാൻ വാണിജ്യ വ്യവസായ മന്ത്രി ചർച്ച നടത്തി. അതിർത്തി സംഘർഷങ്ങളെത്തുടർന്ന് പാകിസ്താൻ അതിർത്തികൾ അടച്ചിട്ടിരിക്കുന്നതിനാൽ അഫ്ഗാനിസ്ഥാന്റെ പഴങ്ങൾക്കും മറ്റ് കയറ്റുമതികൾക്കും ഗണ്യമായ നഷ്ടമുണ്ടാക്കുന്നുണ്ട്. പാകിസ്താനെ ആശ്രയിക്കുന്നത് കുറച്ച്, അഫ്ഗാനിസ്ഥാൻ ഇപ്പോൾ ഇന്ത്യയുമായുള്ള വ്യാപാരം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണ് താലിബാൻ വാണിജ്യ വ്യവസായ മന്ത്രിയുടെ 5 ദിവസത്തെ ഇന്ത്യ സന്ദർശനം.











Discussion about this post