ടെൽ അവീവ് : റഫയിൽ ഹമാസിന്റെ കൂറ്റൻ തുരങ്കം കണ്ടെത്തി ഇസ്രായേൽ പ്രതിരോധ സേന. മുതിർന്ന ഹമാസ് ഭീകരനായ മർവാൻ അൽ-ഹാംസിനെ അറസ്റ്റ് ചെയ്തതായും ഐഡിഎഫ് അറിയിച്ചു. 2014 ലെ സംഘർഷത്തിനിടെ ലെഫ്റ്റനന്റ് ഹദർ ഗോൾഡിന്റെ മരണവുമായി നേരിട്ട് പങ്കുവഹിച്ചതായി കരുതപ്പെടുന്ന ഹമാസ് ഭീകരനാണ് മർവാൻ അൽ-ഹാംസ്.
7 കിലോമീറ്ററിലധികം നീളവും 25 മീറ്ററിലധികം ആഴവുമുള്ള കൂറ്റൻ തുരങ്കമാണ് റഫയിൽ ഇസ്രായേൽ പ്രതിരോധ സേന ഏറ്റവും പുതുതായി കണ്ടെത്തിയിരിക്കുന്നത്.
ഈ ഭൂഗർഭ സമുച്ചയത്തിൽ, ആയുധങ്ങൾ സൂക്ഷിക്കുന്നതിനും, ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും, ദീർഘകാല താമസത്തിനുമായി ഹമാസ് കമാൻഡർമാർ ഉപയോഗിച്ചിരുന്ന 80 ഓളം മുറികളുണ്ട്. റഫയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൂടെയാണ് തുരങ്കം കടന്നുപോകുന്നത്. UNRWA കോമ്പൗണ്ട്, പള്ളികൾ, ക്ലിനിക്കുകൾ, കിന്റർഗാർട്ടനുകൾ, സ്കൂളുകൾ തുടങ്ങിയ സെൻസിറ്റീവ് സിവിലിയൻ സ്ഥലങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് കീഴിലായാണ് ഈ തുരങ്കം നിർമ്മിച്ചിട്ടുള്ളത്.
ഇസ്രായേൽ പ്രതിരോധ സേനയുടെ യഹലോം കോംബാറ്റ് എഞ്ചിനീയറിംഗ് യൂണിറ്റ്, ഷായെറ്റ് 13 നാവിക കമാൻഡോ യൂണിറ്റ് എന്നിവയുൾപ്പെടെയുള്ള എലൈറ്റ് ഐഡിഎഫ് യൂണിറ്റുകളാണ് ഈ കൂറ്റൻ തുരങ്കം കണ്ടെത്തിയത്. ലെഫ്റ്റനന്റ് ഹദർ ഗോൾഡിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന സ്ഥലം എന്ന നിലയിൽ ഈ തുരങ്കത്തിന് ചരിത്ര പ്രാധാന്യമുണ്ട്. ഈ മാസം ആദ്യം ഇസ്രായേലിന് തിരികെ നൽകുന്നതുവരെ അദ്ദേഹത്തിന്റെ മൃതദേഹം 11 വർഷത്തിലേറെയായി ഹമാസിന്റെ കൈവശമായിരുന്നു. ഗോൾഡിന്റെ ഭൗതികാവശിഷ്ടങ്ങൾ ശരിയായ സംസ്‌കാരത്തിനായി വീണ്ടെടുക്കുന്നതിന് ലക്ഷ്യമിട്ടുള്ള സമീപ മാസങ്ങളിലെ നിരവധി രഹസ്യ ശ്രമങ്ങളുടെ ഭാഗമായി ഇസ്രായേൽ സേന നടത്തിയിരുന്ന നിരവധി ദൗത്യങ്ങളുടെ ഭാഗമായാണ് ഹമാസിന്റെ ഈ കൂറ്റൻ തുരങ്കത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്.











Discussion about this post