സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, കേന്ദ്രമന്ത്രിമാർ, സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിച്ചു.
സുപ്രീംകോടതിയുടെ 53-മത് ചീഫ് ജസ്റ്റിസായാണ് സൂര്യകാന്ത് ചുമതലയേറ്റെടുത്തത്. കേരളത്തിലെ എസ് ഐ ആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.
ഹരിയാന ഹിസാർ സ്വദേശിയാണ്. ഹരിയാനയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാണ് സൂര്യകാന്ത്. 2027 ഫെബ്രുവരി ഒമ്പതുവരെയാണ് കാലാവധി. 14 മാസത്തോളം സർവീസ് ലഭിക്കും. ഹിസാർ ജില്ലാ കോടതിയിലാണ് അഭിഭാഷക പ്രാക്ടീസ് ആരംഭിച്ചത്. 38-ാം വയസിൽ ഹരിയാനയുടെ അഡ്വക്കേറ്റ് ജനറലായി. 2004ൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിയായും 2018ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിതനായി. 2019 മേയ് 24നാണ് സുപ്രീംകോടതി ജഡ്ജിയായത്.










Discussion about this post