എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതത്തിൽ 10000 വർഷങ്ങൾക്കുശേഷം വമ്പൻ പൊട്ടിത്തെറി. ഈ മേഖലയിൽ ഇതുവരെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും അസാധാരണമായ അഗ്നിപർവ്വത സ്ഫോടനമാണ് നടന്നത്. ഭൂമിയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നായ എർട്ട ആലെ അഗ്നിപർവ്വതത്തിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന അഗ്നിപർവതമാണ് ഹെയ്‌ലി ഗുബ്ബി.
ടുലൗസ് അഗ്നിപർവ്വത ആഷ് അഡ്വൈസറി സെന്ററിന്റെ (VAAC) അറിയിപ്പ് പ്രകാരം, ഞായറാഴ്ച രാവിലെ 8:30 ഓടെയാണ് ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതത്തിൽ പൊട്ടിത്തെറി ആരംഭിച്ചത്. വൈകുന്നേരം വരെ സ്ഫോടനാത്മക പ്രവർത്തനങ്ങൾ തുടർന്നു. ചാരം ഏകദേശം 45,000 അടി (13.7 കിലോമീറ്റർ) ഉയരത്തിലേക്ക് ഉയർന്നു. രാവിലെ ഒരു സ്വതന്ത്ര അഗ്നിപർവ്വത നിരീക്ഷണ ഗ്രൂപ്പായ ജിയോളജിഹബിലെ വിശകലന വിദഗ്ധർ, അതിവേഗം വളരുന്ന ഒരു പുകച്ചുരുൾ കണ്ടെത്തിയതിനെ തുടർന്ന് ടുലൗസ് അഗ്നിപർവ്വത ആഷ് അഡ്വൈസറി സെന്ററിനെ വിവരമറിയിക്കുകയായിരുന്നു. ഹോളോസീൻ കാലഘട്ടത്തിൽ, അതായത് കഴിഞ്ഞ 10,000 വർഷങ്ങളിൽ ഈ അഗ്നിപർവ്വതം ഒരിക്കൽപോലും പൊട്ടിത്തെറിച്ചിട്ടില്ലെന്ന് ഭൂമിശാസ്ത്ര രേഖകൾ സൂചിപ്പിക്കുന്നു. കാരണത്താൽ ഏറെ പ്രാധാന്യമുള്ള അഗ്നിപർവത സ്ഫോടനമാണ് എത്യോപ്യയിൽ നടന്നിരിക്കുന്നത്.
അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ഉയർന്ന ചാരപ്പുക മൂലം യെമൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. 17 കിലോമീറ്റർ ഓളം ഉയരത്തിൽ പൊങ്ങിയ ചാരപ്പുക ചെങ്കടലിന് കുറുകെ ഒമാൻ, യെമൻ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള തെക്കുപടിഞ്ഞാറൻ അറേബ്യൻ ഉപദ്വീപിന്റെ ചില ഭാഗങ്ങളിലേക്ക് ആണ് എത്തിച്ചേർന്നിരിക്കുന്നത്. അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഫലമായുണ്ടാകുന്ന ഉദ്‌വമനത്തിലെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ദോഫാറിലെ 8 സ്റ്റേഷനുകളും അൽ വുസ്തയിലെ 5 സ്റ്റേഷനുകളും ഉൾപ്പെടെ ഒമാൻ സുൽത്താനേറ്റിന്റെ ഗവർണറേറ്റുകളിലായി വ്യാപിച്ചുകിടക്കുന്ന 68 മോണിറ്ററിംഗ് സ്റ്റേഷനുകൾ വഴി അതോറിറ്റി 24 മണിക്കൂറും മലിനീകരണ സാന്ദ്രത തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്.










Discussion about this post