ന്യൂഡൽഹി : നാളെ രാജ്യം ദേശീയ ഭരണഘടന ദിനം ആചരിക്കുകയാണ്. ദേശീയ ഭരണഘടനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക പരിപാടികൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു നേതൃത്വം നൽകും. സെൻട്രൽ ഹാളിൽ വെച്ച് നടക്കുന്ന പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.
ദേശീയ ഭരണഘടനാ ദിനാഘോഷ പരിപാടികളിൽ ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കർ, നിരവധി കേന്ദ്രമന്ത്രിമാർ എന്നിവരും പങ്കെടുക്കുന്നതാണ്. ഭരണഘടനാ മൂല്യങ്ങളോടും ജനാധിപത്യ പാരമ്പര്യങ്ങളോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതിനാണ് നവംബർ 26ന് എല്ലാവർഷവും ദേശീയ ഭരണഘടനാ ദിനമായി ആചരിക്കുന്നത്. പ്രത്യേക പരിപാടികളുടെ ഭാഗമായി രാഷ്ട്രപതി ഭരണഘടനയുടെ ആമുഖം വായിക്കുന്നതാണ്.
രാജ്യത്തുടനീളമുള്ള എല്ലാ കേന്ദ്ര മന്ത്രാലയങ്ങളും/വകുപ്പുകളും, അവയുടെ കീഴിലുള്ളതും അനുബന്ധവുമായ ഓഫീസുകളും, സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സർക്കാരുകളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭരണഘടനാ ദിന ആഘോഷത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്നതാണ്. പൗരന്മാരിൽ, പ്രത്യേകിച്ച് വിദ്യാർത്ഥികളിലും പൊതുപ്രവർത്തകരിലും ഭരണഘടന അവബോധം വളർത്തുക എന്നത് ലക്ഷ്യമിട്ടാണ് ദേശീയ ഭരണഘടനാ ദിനം ആഘോഷിക്കുന്നത്.









Discussion about this post