2030 കോമൺവെൽത്ത് ഗെയിംസിന്റെ ശതാബ്ദി ആഘോഷത്തിന് ആതിഥേയത്വം വഹിക്കാനുള്ള ആഗോള മത്സരത്തിൽ ഇന്ത്യ വിജയിച്ചു. രാജ്യത്തിന് കായികരംഗത്തെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായിരിക്കും ഈ അവസരം. ലോകത്തിലെ ഏറ്റവും വലിയ മൾട്ടി-സ്പോർട്സ് ഇവന്റുകളിൽ ഒന്നായ കോമൺ വെൽത്ത് ഗെയിംസ് ആഘോഷിക്കാൻ ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്നുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
2030 കോമൺവെൽത്ത് ഗെയിംസിന്റെ ശതാബ്ദി ആഘോഷത്തിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുക. ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് സ്‌പോർട്‌സ് ജനറൽ അസംബ്ലിയിൽ 74 കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ അംഗീകരിച്ച സുപ്രധാന തീരുമാനമാണിത്. ഗുജറാത്തിലെ അഹമ്മാദ്ബാദായാരിക്കും ഔദ്യോഗിക കോമൺവെൽത്ത് നഗരം.
“അത്യന്തം അഭിമാനത്തിന്റെ നിമിഷം” എന്നാണ് ലോകരാജ്യങ്ങളുടെ അംഗീകാരത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഈ അവസരത്തിലേക്ക് ലോക കായിക സമൂഹത്തെ പ്രധാനമന്ത്രി ഭാരതത്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്തു.
“ഈ ചരിത്രപരമായ ഗെയിംസ് വളരെ ആവേശത്തോടെ ആഘോഷിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു” അന്താരാഷ്ട്ര കായികരംഗത്തും ആഗോള സഹകരണത്തിലും ഇന്ത്യയുടെ വളർന്നുവരുന്ന പങ്കിനെ ഈ അവസരം പ്രതീകപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
“2030 ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ത്യ നേടിയതിൽ സന്തോഷമുണ്ട്! ഇന്ത്യയിലെ ജനങ്ങൾക്കും കായിക ലോകത്തിനും അഭിനന്ദനങ്ങൾ,” പ്രധാനമന്ത്രി സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു. ഇന്ത്യയുടെ ആഗോള കായിക അഭിലാഷങ്ങൾക്ക് പിന്നിലെ പ്രേരകശക്തികളായി രാജ്യത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന കായിക അടിസ്ഥാന സൗകര്യങ്ങൾ, പ്രതിബദ്ധതയുള്ള കായികതാരങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന മനോഭാവം എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. ആഗോള കായിക ഭൂപടത്തിൽ ഇന്ത്യയെ ഉറച്ചു നിർത്തിയത് നമ്മുടെ കൂട്ടായ പ്രതിബദ്ധതയും കായിക മനസ്കതയുമാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോമൺവെൽത്ത് പ്രതിനിധികളുടെ അതിശക്തമായ പിന്തുണ അന്താരാഷ്ട്ര കായിക രംഗത്ത് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന വിശ്വാസ്യതയും നേതൃത്വവും വീണ്ടും ഉറപ്പിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി .
കോമൺവെൽത്ത് സ്‌പോർട്‌സിന്റെ പ്രസിഡന്റ് ഡോ. ഡൊണാൾഡ് റുക്കരെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു, ഗെയിംസിന്റെ ഒരു പുതിയ സുവർണ്ണ യുഗത്തിന്റെ തുടക്കമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രഖ്യാപനത്തിന് നിമിഷങ്ങൾക്കുള്ളിൽ, അസംബ്ലി ഹാളിനുള്ളിൽ ആഘോഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു, ഗർബ നർത്തകരും ഇന്ത്യൻ ധോൾ ഡ്രമ്മർമാരും അതിശയിപ്പിക്കുന്ന ഊർജ്ജസ്വലമായ സാംസ്കാരിക പ്രകടനം അവതരിപ്പിച്ചു. ഗ്ലാസ്‌ഗോയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള കലാകാരന്മാരെയും കോമൺവെൽത്തിലെമ്പാടുമുള്ള പങ്കാളികളെയും ഉൾപ്പെടുത്തിയ ഈ പ്രദർശനം 2030 ലെ ഗെയിംസിൽ ഇന്ത്യ കൊണ്ടുവരാൻ പോകുന്ന സാംസ്കാരിക വൈഭവത്തിന്റെ വർണ്ണാഭമായ ഒരു പ്രകടനം കൂടിയായിരുന്നു.
കോമൺവെൽത്ത് ഗെയിംസുമായുള്ള ഇന്ത്യയുടെ ബന്ധം 1934 മുതൽ ആരംഭിക്കുന്നു. 2010 ൽ ന്യൂഡൽഹിയിലാണ് രാജ്യം അവസാനമായി ഗെയിംസിന് ആതിഥേയത്വം വഹിച്ചത്, ഒരു പ്രധാന അന്താരാഷ്ട്ര കായിക ആതിഥേയത്വം എന്ന നിലയിൽ ഇന്ത്യയുടെ വരവിനെ അടയാളപ്പെടുത്തിയ ഒരു പതിപ്പായിരുന്നു അത്.
പതിറ്റാണ്ടുകളായി ഇന്ത്യൻ അത്‌ലറ്റുകൾ കോമൺവെൽത്ത് ഗെയിംസിനെ രൂപപ്പെടുത്തിയിട്ടുണ്ട്. മിൽഖാ സിങ്ങിന്റെ 1958 ലെ ഐതിഹാസിക സ്വർണ്ണം, പി ടി ഉഷയുടെ ഉയർച്ച, അഞ്ജു ബോബി ജോർജിന്റെ അന്താരാഷ്ട്ര മുന്നേറ്റങ്ങൾ, ഗഗൻ നരംഗിന്റെയും സമരേഷ് ജംഗിന്റെയും ഷൂട്ടിംഗ് ആധിപത്യം, സൈന നെഹ്‌വാളിന്റെയും പി വി സിന്ധുവിന്റെയും ബാഡ്മിന്റൺ മികവ്, മീരാഭായ് ചാനു, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, മണിക ബത്ര, ഹിമ ദാസ് തുടങ്ങിയ ചാമ്പ്യന്മാരുടെ ഉയർച്ച എന്നിവ ഐതിഹാസിക നിമിഷങ്ങളിൽ ഉൾപ്പെടുന്നു.
കോമൺവെൽത്ത് ഗെയിംസ് ചരിത്രപരമായി നിരവധി ആഗോള ഐക്കണുകൾക്കും ഒരു ചവിട്ടുപടിയായി വർത്തിച്ചിട്ടുണ്ട്. സ്പ്രിന്റ് സൂപ്പർസ്റ്റാർ ഉസൈൻ ബോൾട്ട്, മധ്യദൂര ഇതിഹാസം കെല്ലി ഹോംസ്, നീന്തൽ ഇതിഹാസങ്ങളായ ഇയാൻ തോർപ്പ്, ചാഡ് ലെ ക്ലോസ്, ബോക്സിംഗ് താരം നിക്കോള ആഡംസ് എന്നിവരെല്ലാം ഒളിമ്പിക് മഹത്വം നേടുന്നതിനുമുമ്പ് കോമൺ വെൽത്ത് ഗെയിംസിലെത്തിയിരുന്നു .
സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് എൻക്ലേവ് ഉൾപ്പെടെയുള്ള ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുടെ കേന്ദ്രമായ അംദാവാദിനെ തന്നെ ഗെയിംസിൻറെ വേദിയായി തിരഞ്ഞെടുത്തത് ആത്മവിശ്വാസമുള്ള ഭാവിയിലേക്ക് ഇന്ത്യ കുതിക്കുന്നു എന്നതിൻറ ഒടുവിലത്തെ ഉദാഹരണമാണ്.
ആഗോള ഐക്യത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ച് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോദി, ഗെയിംസ് ഇന്ത്യയുടെ സാംസ്കാരിക ആതിഥ്യമര്യാദയും ആഗോള സൗഹൃദവും പ്രദർശിപ്പിക്കുന്ന, വസുധൈവ കുടുംബകം, ലോകം ഒരു കുടുംബം എന്ന തത്വത്തെ ആഘോഷിക്കുമെന്ന് എടുത്തുപറഞ്ഞു. “ലോകത്തെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു!” അദ്ദേഹം പറഞ്ഞു.










Discussion about this post